Languages

പാഠം 7

അവനുവേണ്ടി ജീവിക്കാനുള്ള നമ്മുടെ പോരാട്ടത്തിന് ആവശ്യമായ ഉപകരണങ്ങൾ അവൻ നമുക്ക് നൽകിയിരിക്കുന്നു. അവ ഉപയോഗിച്ചില്ലെങ്കിൽ നമ്മൾ പരാജയപ്പെടും.

ജീവിതം സങ്കീർണ്ണമാണ്. പക്ഷേ വേദന ഒഴിവാക്കാൻ വെല്ലുവിളികളിൽ നിന്ന് നിങ്ങളെ ഒളിപ്പിച്ചു നിർത്തുന്ന ഒരു വിശ്വാസമല്ല ക്രിസ്തുമതം. പകരം, ദൈവം നമ്മുടെ ഹൃദയങ്ങളെ ജ്വലിപ്പിച്ചിരിക്കുന്നു, നമ്മൾ ജനിച്ചുവീണ ഇരുണ്ട ലോകത്ത് ആ വെളിച്ചം പ്രകാശിപ്പിക്കാൻ നമ്മോട് ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ ലോകത്തിന്റെ പ്രതീക്ഷകളിൽ നിന്ന് വ്യത്യസ്തമായ ഒരു പാത സ്വീകരിച്ച് യഥാർത്ഥമായി ജീവിക്കാൻ അവൻ നമ്മോട് പറയുന്നു.

നാം ക്രിസ്തുവിൽ വീണ്ടും ജനിക്കുമ്പോൾ, നമ്മുടെ ജീവിതകാലം മുഴുവൻ നമുക്ക് നിരന്തരമായ പോഷണം ആവശ്യമാണ്. നമ്മുടെ ആരോഗ്യം നിലനിർത്താൻ നാം ഒരു ദിവസം പലതവണ ഭക്ഷണം കഴിക്കുന്നു, ഓരോ രാത്രിയിലും മണിക്കൂറുകളോളം ഉറങ്ങുന്നു, ദിവസവും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുന്നു. ഭക്ഷണം, വെള്ളം, ഉറക്കം എന്നിവയുടെ ആത്മീയ പ്രതിരൂപങ്ങൾ എന്നത് ബൈബിൾ വായിക്കുക, പ്രാർത്ഥിക്കുക, മറ്റുള്ളവരോടൊപ്പം അവനെ ആരാധിക്കുക എന്നിവയാണ്.

ലോകം വൃത്തികെട്ടതാണ്. എന്നാൽ, നാം ശുദ്ധരായിരിക്കേണ്ടതുണ്ട്. ഈ ജീവിതകാലത്ത്, എല്ലാ ദിവസവും അഴുക്ക് നമ്മുടെ ഹൃദയങ്ങളിലേക്ക് എറിയപ്പെടും. നമ്മുടെ കണ്ണുകളിലൂടെ, നാം വികൃതത കാണുന്നു. നമ്മുടെ ചെവികളിലൂടെ നാം ശാപവാക്കുകൾ കേൾക്കുന്നു. നമ്മുടെ കൈകളിലൂടെ, ലോകത്തിന്റെ മുള്ളുകളാലും, സുഹൃത്തുക്കളുടെ മുഷ്ടികളാലുമുള്ള വേദന നാം അനുഭവിക്കുന്നു.നമ്മുടെ നാവിലൂടെ നാം കയ്പേറിയ വിഷം ആസ്വദിക്കുന്നു. നമ്മുടെ മൂക്കിലൂടെ നാം മരണത്തിന്റെ ജീർണ്ണത മണക്കുന്നു.

അഴുക്ക് നീക്കം ചെയ്യാനും, ഇരുട്ടിനെ അകറ്റാനും, ചുറ്റുമുള്ള ലോകത്തെ രൂപാന്തരപ്പെടുത്താനും ദൈവം നമുക്ക് നൽകിയിട്ടുള്ള ഉപകരണങ്ങൾ എന്തൊക്കെയാണ്?

ഒന്നാമതായി, നമ്മൾ ഇതിനകം ചർച്ച ചെയ്തതുപോലെ, ദൈവം നമ്മുടെ ജീവിതത്തിനായുള്ള തന്റെ പദ്ധതി ബൈബിളിൽ വെളിപ്പെടുത്തിയിട്ടുണ്ട്.[9] ബൈബിൾ വചനങ്ങൾ വായിക്കുന്നതിലൂടെയും ദൈവത്തിന്റെ വാഗ്ദാനങ്ങൾ ഉള്ളിൽ സൂക്ഷിക്കുന്നതിലൂടെയും, നമ്മുടെ മനസ്സുകൾ ശുദ്ധീകരിക്കപ്പെടുകയും നമ്മുടെ ഹൃദയങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

രണ്ടാമതായി, നമുക്ക് അവനോട് പ്രാർത്ഥിക്കാനും അവന്റെ പ്രതികരണം അനുഭവിക്കാനും കഴിയുന്ന തരത്തിൽ ദൈവം പരിശുദ്ധാത്മാവിനെ നമ്മുടെ ഉള്ളിൽ സ്ഥാപിച്ചിരിക്കുന്നു. ഇത് നമ്മുടെ ബോധ്യത്തെ ആഴത്തിലാക്കുകയും വ്യത്യസ്തമായി ജീവിക്കാനും ലോകത്തെ മാറ്റാൻ സഹായിക്കാനുമുള്ള ശക്തി നൽകുകയും ചെയ്യുന്നു.

മൂന്നാമതായി, അവൻ നമ്മെ ആരാധനയ്ക്കായി സൃഷ്ടിച്ചു. നാം അവനെ ആരാധിക്കുമ്പോൾ, അവൻ നമ്മുടെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുകയും, ഈ ലോകം നമുക്ക് നൽകുന്ന മുറിവുകൾ സുഖപ്പെടുത്താൻ തുടങ്ങുകയും ചെയ്യുന്നു.

നാലാമതായി, അവൻ നിശ്ചയിച്ച പരിധികൾക്കുള്ളിൽ നിന്നുകൊണ്ട് ആളുകളെയും, മൃഗങ്ങളെയും, അവൻ നമുക്ക് നൽകിയ ലോകത്തെയും ആസ്വദിക്കാനും സ്നേഹിക്കാനുമാണ് ദൈവം നമ്മെ സൃഷ്ടിച്ചത്. മറ്റുള്ളവരുമായി സമയം ചെലവഴിക്കുന്നതിനും പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനും മുൻഗണന നൽകേണ്ടത് പ്രധാനമാണ്.

ദൈവത്തിൽ വിശ്വസിക്കുകയും അവനെ സ്നേഹിക്കുകയും ചെയ്യുന്ന മറ്റുള്ളവരുമായി സമയം ചെലവഴിക്കുന്നതിന് നാം മുൻഗണന നൽകേണ്ടതുണ്ട്. ഇത് നമ്മെ പ്രോത്സാഹിപ്പിക്കുകയും ശക്തിപ്പെടുത്തുകയും മാത്രമല്ല, അസന്തുലിതാവസ്ഥയിൽ നിന്ന് നമ്മെ തടയുകയും ചെയ്യുന്നു. ഇതിനെയാണ് നമ്മൾ സഭ എന്ന് വിളിക്കുന്നത്. സഭ എന്നത് നാമെല്ലാം ഒത്ത് കൂടുന്ന ഒരു കെട്ടിടമോ, നമ്മൾ സംബന്ധിക്കുന്ന ആരാധനയോ അല്ല; ദൈവത്തെ സ്നേഹിക്കുകയും പരസ്പരം സ്നേഹിക്കുകയും ചെയ്യുന്ന ആളുകളാണ് സഭ. ദൈവത്തെ സ്നേഹിക്കുന്ന മറ്റ് ആളുകളുമായി സമയം ചെലവഴിക്കുക (ബൈബിൾ വായിക്കുക, പ്രാർത്ഥിക്കുക, ആരാധിക്കുക, അവൻ ബൈബിളിൽ പറയുന്നതുപോലെ ജീവിക്കാൻ പരസ്പരം സഹായിക്കുക) വളരെ പ്രധാനമാണ്.

മറ്റു ക്രിസ്ത്യാനികളുമായുള്ള കൂടിക്കാഴ്ച പ്രധാനമാണോ എന്ന് പലരും ചിന്തിച്ചിട്ടുണ്ട്. എന്നാൽ ബൈബിൾ പറയുന്നത് അതിലാണ് മുഴുവൻ കാര്യവും എന്നാണ്. യേശു ഉയിർത്തെഴുന്നേറ്റത് സ്നേഹമുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കാനാണ്: അവനിൽ ശുദ്ധീകരിക്കപ്പെടുകയും അവനിൽ സംതൃപ്തരാകുകയും ചെയ്ത ഒരു സമൂഹത്തെ. തന്റെ പുനരുത്ഥാനത്തിനുശേഷം തന്റെ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നതിലൂടെയും, അവരോടൊപ്പം ഭക്ഷണം കഴിക്കുന്നതിലൂടെയും, അവരോടൊപ്പം നടക്കുന്നതിലൂടെയും, അവരുടെ സ്വകാര്യ മുറി സന്ദർശിക്കുന്നതിലൂടെയും അവൻ ഇത് നമുക്ക് കാണിച്ചുതന്നു.

ഈ പറഞ്ഞതൊന്നും നമുക്ക് പര്യാപ്തമല്ലെന്ന് തോന്നിയാൽ, ഒരു പുരോഹിതൻ ഒരിക്കൽ പറഞ്ഞ ഈ ചിന്തോദ്ദീപകമായ കഥ സഹായിച്ചേക്കാം:

ഒരു ദിവസം, ഒരാൾ ഒരു പുരോഹിതന്റെ അടുക്കൽ വന്ന് പറഞ്ഞു, “പിതാവേ, എന്റെ സഹോദരൻ പോൾ എന്നിൽ നിന്നും മറ്റെല്ലാ ക്രിസ്ത്യാനികളിൽ നിന്നും വേർപിരിഞ്ഞിരിക്കുന്നു. താങ്കൾ അവനുമായി സംസാരിക്കണം, തിരിച്ചുവരണമെന്ന് അവനെ ബോധ്യപ്പെടുത്തണം!”

പുരോഹിതൻ പോളിന്റെ വീട്ടിൽ പോയി, വാതിലിൽ മുട്ടി, പോൾ പുരോഹിതനോട് അകത്തേക്ക് വരാൻ പറഞ്ഞു.

പുരോഹിതൻ അകത്തു കടന്നപ്പോൾ, നെരിപ്പോടിൽ ജ്വലിക്കുന്ന തീയിലേക്ക് നോക്കി ഇരിക്കുന്ന പോളിനെ കണ്ടു. അവർ നിശബ്ദമായി അഭിവാദ്യം ചെയ്തുകൊണ്ട് തലയാട്ടി, പുരോഹിതൻ പോളിന്റെഅരികിലിരുന്ന് തീയിലേക്ക് നോക്കി. ഒരു നിമിഷത്തിനുശേഷം, പുരോഹിതൻ ഒരു ലോഹ ദണ്ഡ് ഉപയോഗിച്ച്, ചുട്ട് പഴുത്ത് ചുവന്ന ഒരു കഷ്ണം കൽക്കരി എടുത്തു, എന്നിട്ട് തീയ്ക്ക് പുറത്തുള്ള തറയിൽ ശ്രദ്ധാപൂർവ്വം വച്ചു. അദ്ദേഹം പോളിനെ നോക്കി തലയാട്ടി, പുഞ്ചിരിച്ചു, കാത്തിരുന്നു. കുറച്ച് മിനിറ്റുകൾക്ക് ശേഷം, കൽക്കരി തണുത്തു, അതിന്റെ എല്ലാ ചൂടും നഷ്ടപ്പെട്ടു, അതിൽ തീ അവശേഷിച്ചില്ല.

പുരോഹിതൻ പോളിന്റെ നേരെ തലയാട്ടി, കൽക്കരി എടുത്ത് വീണ്ടും തീയിലേക്ക് ഇട്ടു. താമസിയാതെ, കൽക്കരി വീണ്ടും തിളക്കത്തോടെ കത്താൻ തുടങ്ങി. പുരോഹിതൻ ചിരിച്ചു, പോളിന്റെ നേരെ വീണ്ടും തലയാട്ടി, പോകാൻ എഴുന്നേറ്റു.

നമ്മൾ ആ കൽക്കരി പോലെയാണ്. നമുക്ക് ചുറ്റുമുള്ള മറ്റുള്ളവരുടെ തീയാൽ ചുറ്റപ്പെട്ടിട്ടില്ലെങ്കിൽ, നമ്മുടെ തീ ക്രമേണ നഷ്ടപ്പെടുകയും, നമ്മൾ തണുത്ത് പോവുകയും ചെയ്യും. നാം നമ്മുടെ ബൈബിൾ വായിക്കുകയും, ദിവസേന പ്രാർത്ഥനയുടെയും ആരാധനയുടെയും ഉത്സാഹപൂർവ്വമായ ഒരു ശീലം വളർത്തിയെടുക്കുകയും, മറ്റ് ക്രിസ്ത്യാനികളോടൊപ്പം സമയം ചെലവഴിക്കുന്നതിന് മുൻഗണന നൽകുകയും വേണം, അങ്ങനെ ദൈവത്തോട് സന്തോഷത്തോടെ അനുസരണമുള്ളവരായി ജീവിക്കാൻ പരസ്പരം സഹായിക്കണം.

നാം ഈ രീതിയിൽ ജീവിക്കുകയാണെങ്കിൽ, ദൈവം നമ്മെ ശക്തിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും അനുഗ്രഹിക്കുകയും ചെയ്യും. അപ്പോൾ നമ്മളെപ്പോലെ തന്നെ ആവശ്യമുള്ളവരുമായി സുവിശേഷം പങ്കിടാൻ അവൻ നമുക്ക് അവസരങ്ങൾ നൽകും.

കൂടുതൽ ആഴത്തിലുള്ള പഠനത്തിനായി

ഗലാത്യർ 5:22-26, സങ്കീർത്തനം 121:1-8, 1 കൊരിന്ത്യർ 12:20 - 13:13 എന്നിവ വായിക്കുക. നമ്മൾ എങ്ങനെ ജീവിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് നിങ്ങൾക്ക് വ്യക്തമാണോ? ഈ വാക്യങ്ങളിൽ വിവരിച്ചിരിക്കുന്ന സ്നേഹത്തിനനുസരിച്ച് ജീവിക്കാനുള്ള ശക്തി നൽകണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുക. ഈ സ്നേഹം പ്രവർത്തനത്തിൽ കൊണ്ടുവരുന്നതിനായിനിങ്ങൾക്ക് ആരംഭിക്കാൻ കഴിയുന്ന ഒരു മാർഗം എന്താണ്? അത് എഴുതുക, തുടർന്ന് അത് പോയി ചെയ്യുക!

മുമ്പത്തേത് പട്ടിക പട്ടിക അടുത്തത്