പാഠം 2
എന്തുകൊണ്ടാണ് യേശുവിന് കുരിശിൽ മരിക്കേണ്ടി വന്നത്?
ആ ചോദ്യത്തിനുള്ള ഉത്തരം അറിയില്ലെങ്കിൽ, ദൈവത്തിന്റെ സുവാർത്തയുടെ അർത്ഥം നമുക്ക് പൂർണ്ണമായി ഗ്രഹിക്കാൻ കഴിയില്ല.
എന്തുകൊണ്ട് എന്ന് മനസ്സിലാക്കാനുള്ള ഏക മാർഗം ദൈവത്തിന്റെ ഉത്തരം ശ്രദ്ധിക്കുക എന്നതാണ്. ദൈവം പറയുന്നത്, നമ്മുടെ ഇടയിൽ ജീവിക്കാനും, നമ്മുടെ പോരാട്ടങ്ങൾ അനുഭവിക്കാനും, നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കാനും, അങ്ങനെ ഈ ത്യാഗത്തിലൂടെ നമുക്ക് പാപത്തിൽ നിന്ന് മോചനം നൽകാനും, അവനുമായി അനുരഞ്ജനത്തിലാകാനും, അങ്ങനെ നമ്മുടെ സ്നേഹവും സമർപ്പണവും നേടാനും കഴിയുമെന്ന് പ്രതീക്ഷിച്ചുകൊണ്ടാണ് അവൻ സ്വമനസ്സോടെ ഈ വിധി തിരഞ്ഞെടുത്തത് എന്നാണ്.
എന്തുകൊണ്ടാണ് അവൻ അത് അങ്ങനെ ചെയ്തത്? കാരണം അത് അവന്റെ തിരഞ്ഞെടുപ്പായിരുന്നു.
ജീവൻ രക്തത്തിലാണെന്ന് ദൈവം പറയുന്നു. ശുദ്ധമായ രക്തം ചൊരിയപ്പെടുമ്പോൾ മാത്രമേ പാപമോചനം സാധ്യമാകൂ, മരണത്തിന്റെ ശാപത്തിൻ കീഴിലല്ലാത്തതിനാൽ ശുദ്ധമായ രക്തത്തിന് മാത്രമേ നിത്യജീവൻ നൽകാൻ കഴിയൂ. അതുകൊണ്ടാണ് പൂർണ്ണമായും നിർമ്മലനും നീതിമാനുമെന്ന് അവകാശപ്പെടുവാൻ കഴിവുള്ള ഏക വ്യക്തിയായ യേശു നമുക്കുവേണ്ടി മരിക്കാൻ സ്വമേധയാ തിരഞ്ഞെടുത്തത്.
നമുക്കുവേണ്ടി മരിക്കുമെന്ന് ദൈവം ചരിത്രത്തിലുടനീളം വാഗ്ദാനം ചെയ്തു. ഈ പ്രവചനങ്ങൾ യേശു നിറവേറ്റിയപ്പോൾ, ദൈവത്തിന്റെ വചനം വിശ്വസനീയവും സത്യവുമാണെന്ന് അവൻ തെളിയിച്ചു. അങ്ങനെ യേശു തന്റെ ജനനത്തിന് വളരെ മുമ്പുതന്നെ എഴുതപ്പെട്ട 300-ലധികം പ്രവചനങ്ങൾ നിറവേറ്റി.
തന്റെ ജീവൻ ബലിയർപ്പിച്ച് യേശു മനുഷ്യരാശിക്കുവേണ്ടി നേടിയ ശ്രദ്ധേയമായ ചില കാര്യങ്ങൾ നമുക്ക് നോക്കാം:
- നമ്മെ ദൈവത്തിലേക്ക് കൊണ്ടുവരാൻ അവൻ മരിച്ചു.
- അവന്റെ ആത്മാവ് നമുക്ക് ജീവൻ നൽകി. നമ്മുടെ തിന്മയാൽ നാം മരിക്കുമ്പോൾ, അവന്റെ ആത്മാവിനാൽ നാം ജീവിപ്പിക്കപ്പെടുന്നു.
- നമ്മുടെ പാപങ്ങൾക്കുവേണ്ടി അവൻ അടിക്കപ്പെട്ടു, അവന്റെ ശിക്ഷ നമുക്ക് സമാധാനവും രോഗശാന്തിയും നൽകുന്നു.
- തന്റെ അനുസരണത്തിലൂടെ അവൻ തിരുവെഴുത്തുകളിലെ പ്രവചനങ്ങൾ നിറവേറ്റി.
- കുരിശിൽ തറയ്ക്കപ്പെട്ടപ്പോൾ അവൻ ദൈവത്തോടുള്ള നമ്മുടെ കടം വീട്ടി, ദൈവത്തിന്റെ നീതിയെ തൃപ്തിപ്പെടുത്തി.
- നാം ദൈവത്താൽ സ്വീകരിക്കപ്പെടാൻ വേണ്ടി അവൻ ഉപേക്ഷിക്കപ്പെട്ടു.
- നമുക്ക് അവന്റെ ജീവൻ എടുക്കാൻ വേണ്ടി അവൻ സ്വമേധയാ ജീവൻ ബലിയർപ്പിച്ചു. നമ്മുടെ ജീവന് പകരമായി അവൻ തന്റെ ജീവൻ നൽകി.
- സേവിക്കുക, നിസ്വാർത്ഥരായിരിക്കുക എന്നതിന്റെ അർത്ഥമെന്താണെന്ന് യേശു നമുക്ക് കാണിച്ചുതന്നു. ലോകത്തിലേക്ക് നന്മയും വിശുദ്ധിയും കൊണ്ടുവന്നുകൊണ്ട് അവന്റെ മാതൃക പിന്തുടരാൻ അവൻ നമ്മെ വിളിക്കുന്നു.
- കുരിശിൽ തന്റെ ജീവൻ ബലി നൽകിയപ്പോൾ യേശു നമ്മുടെ ശാപം സ്വയം ഏറ്റെടുത്തു, തിന്മയുടെ അടിമത്തത്തിന്റെ ശാപത്തിൽ നിന്ന് നമ്മെ സ്വതന്ത്രരാക്കി.
- ആദാമിന്റെ വീഴ്ച മൂലമുണ്ടായ നാശനഷ്ടങ്ങൾ ക്രിസ്തു പരിഹരിച്ചു. ആദ്യ മനുഷ്യനായ ആദാംതിന്മ നിറഞ്ഞ മോഹങ്ങളില്ലാതെയാണ് ജനിച്ചത്, എന്നാൽ അവന്റെ തിന്മ പ്രവർത്തി ലോകത്തിലേക്ക് മരണം കൊണ്ടുവന്നു. കളങ്കമില്ലാത്ത കുഞ്ഞാടായ യേശു, സ്വമേധയാ തന്നെത്തന്നെ ബലി അർപ്പിച്ചു, മനുഷ്യവർഗത്തിന് നിത്യജീവന്റെ വാഗ്ദാനം കൊണ്ടുവന്നു, ആദം തകർത്തത് ക്രിസ്തു പുനഃസ്ഥാപിച്ചു.
- അവൻ തന്നെയാണ് തുടക്കവും, അവൻ തന്നെയാണ് അവസാനവും, ജീവിതത്തിലെ എല്ലാം അവനിലൂടെ മാത്രമാണ് സംഭവിക്കുന്നത്.
- നമുക്ക് ജീവന്റെ ദാനം ലഭിക്കാൻ വേണ്ടി ക്രിസ്തു മരണം സഹിച്ചു. അത് അവന് ആവശ്യമില്ലായിരുന്നെങ്കിലും, എല്ലാ സൃഷ്ടികളുടെയും മേലുള്ള തന്റെ അധികാരം വെളിപ്പെടുത്താനും, മനുഷ്യ കഷ്ടപ്പാടിന്റെ എല്ലാ വശങ്ങളും അനുഭവിക്കാനും അവൻ അത് തിരഞ്ഞെടുത്തു.
- തന്നെ നിരസിച്ചവർക്കും പുച്ഛിച്ചവർക്കും വേണ്ടിപ്പോലും തന്റെ ജീവൻ സമർപ്പിച്ചു, ഈ സമാനതകളില്ലാത്ത ത്യാഗത്തിലൂടെ ക്രിസ്തു ഏറ്റവും വലിയ ദാസനായി മാറി. മറ്റൊരു പ്രവൃത്തിക്കും കഴിയാത്ത വിധത്തിൽ ഇതിലൂടെ അവൻ തന്റെ ദിവ്യസ്നേഹത്തിന്റെ ആഴം വെളിപ്പെടുത്തി.
- അവന്റെ കളങ്കമില്ലാത്ത രക്തം നമ്മുടെ ആത്മാക്കളെ സുഖപ്പെടുത്തുകയും നമുക്ക് നിത്യജീവൻ നൽകുകയും ചെയ്യുന്നു.
എത്ര ശ്രദ്ധേയമായ നേട്ടങ്ങളുടെയും വാഗ്ദാനങ്ങളുടെയും ഒരു പട്ടിക!, എന്നാൽ നമ്മുടെ ജീവിതത്തിലും വിശ്വാസത്തിലും അവയ്ക്ക് എന്ത് പ്രാധാന്യമാണ് ഉള്ളത്?
യേശു നമുക്കുവേണ്ടി മരിച്ചുവെന്നും നമുക്കുവേണ്ടി എല്ലാം പൂർത്തിയാക്കിയെന്നും വിശ്വസിക്കുമ്പോൾ, അവൻ നമുക്കുവേണ്ടി നേടിയ അനുഗ്രഹങ്ങൾ നമുക്ക് ലഭിക്കുമെന്ന് ദൈവം നമ്മോട് പറയുന്നു. പാപത്തിന്റെ പിടിയിൽ നിന്ന് നമുക്ക് മോചനം ലഭിക്കുന്നതിനായി യേശു നമ്മുടെ പാപത്തിന്റെ ഭാരം ഏറ്റെടുത്തു. നമ്മുടെ ജീവിതവും സന്തോഷവും അവനിൽ കണ്ടെത്തുമ്പോൾ, തിന്മയിൽ മുഴുകുന്നതിനുപകരം അവനെ സ്നേഹിക്കാനും അനുസരിക്കാനും അവൻ നമുക്ക് ശക്തി നൽകുന്നുവെന്ന് ഈ വാഗ്ദാനം നമുക്ക് ആത്മവിശ്വാസം നൽകുന്നു.
നമുക്ക് മുമ്പ് ഉപേക്ഷിക്കാൻ കഴിയാത്ത മോശം ശീലങ്ങളെക്കുറിച്ചോർത്ത് നാം നിരാശരാകേണ്ടതില്ല. ദൈവം നമ്മെ ശുദ്ധരും നിർമ്മലരുമായി കാണുന്നതിനായി യേശു നമ്മുടെ പാപങ്ങൾക്ക് വില നൽകി. അവന്റെ സ്നേഹത്തിൽ നിന്ന് നമ്മെ വേർപെടുത്താൻ യാതൊന്നിനും കഴിയില്ലെന്ന ഉറപ്പ് ഈ ഈ വാഗ്ദാനം നമുക്ക് തരുന്നു.
രക്ഷ എന്നത് ദൈവത്തിന്റെ കൃപയിൽ നിന്നുള്ള ഒരു സമ്മാനമാണ്, നമ്മുടെ സ്വന്തം പരിശ്രമത്തിലൂടെ നാം നേടുന്ന ഒന്നല്ല. അതിനാൽ, നമ്മുടെ കഴിവുകളിൽ അഭിമാനിക്കാൻ നമുക്ക് ഒരു കാരണവുമില്ല. എന്നിരുന്നാലും, നമ്മുടെ ജീവിതത്തിലെ മാറ്റങ്ങൾ ദൈവത്തിലുള്ള നമ്മുടെ വിശ്വാസവും അവനോടുള്ള സ്നേഹവും യഥാർത്ഥമാണ് എന്നതിന്റെ തെളിവാണ്. ഉദാഹരണത്തിന്, ഒരു പുരുഷൻ തന്റെ ഭാര്യയെ സ്നേഹിക്കുന്നുവെന്ന് പറയുകയും പക്ഷേ അവൾക്ക് ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകാതിരിക്കുകയും സ്നേഹത്തോടെ പെരുമാറുകയും ചെയ്യുന്നില്ലെങ്കിൽ, അവൻ യഥാർത്ഥത്തിൽ അവളെ സ്നേഹിക്കുന്നില്ലെന്നാണ് അത് തെളിയിക്കുന്നത്. ഇനി ഉള്ളിൽ അവൻ അവളെ സ്നേഹിക്കുന്നുണ്ടെങ്കിൽ പോലും അവന്റെ പ്രവൃത്തികൾ അവന്റെ വാക്കുകളെ അർത്ഥശൂന്യമാക്കുന്നു.
ദൈവം ആരാണെന്നും അവൻ വാഗ്ദാനം ചെയ്യുന്ന കാര്യങ്ങളിലുമുള്ള നമ്മുടെ വിശ്വാസം, അവൻ നമ്മിൽ നിന്ന് ആവശ്യപ്പെടുന്ന ജീവിതം നയിക്കാൻ ആവശ്യമായ പ്രചോദനവും ശക്തിയും നമുക്ക് നൽകുന്നു. ഇത് പരിശുദ്ധാത്മാവിലൂടെയാണ് സംഭവിക്കുന്നതെന്നും, നാം യേശുവിന്റെ വകയാണെന്നും അവന്റെ ത്യാഗം നിമിത്തം നീതിമാന്മാരായി കണക്കാക്കപ്പെടുന്നുവെന്നുമുള്ള നമ്മുടെ ഉറപ്പ് (തെളിവ്) പരിശുദ്ധാത്മാവാണെന്നും ബൈബിൾ പറയുന്നു.
യേശുവിലുള്ള നമ്മുടെ വിശ്വാസം, വിശുദ്ധിയുടെ ജീവിതം നയിച്ച് ക്രിസ്ത്യാനികൾ എന്ന നിലയിൽ നമ്മുടെ വ്യക്തിത്വം പ്രകടിപ്പിക്കാനുള്ള ശക്തി നൽകുന്നു. ഇതിനർത്ഥം നാം പൂർണരായിരിക്കുമെന്നല്ല, എന്നാൽ നാം ക്രിസ്ത്യാനികളാണെങ്കിൽ, ദൈവം നമ്മെ പൂർണതയിലേക്ക് കൊണ്ടുവരാൻ നിരന്തരം പ്രവർത്തിക്കുന്നു.
നാം വിശ്വസ്തരായി നിലകൊള്ളുകയാണെങ്കിൽ, ഈ ലോകത്തിനപ്പുറമുള്ള ജീവിതത്തിൽ നാം പൂർണ്ണതയുള്ളവരായി മാറും.
നാം ഒരു മുന്തിരിവള്ളിയിലെ ശാഖകൾ പോലെയാണെന്ന് യേശു പറഞ്ഞു. നാം അവനുള്ളവരാകുമ്പോൾ, ഒരു ശാഖ മുന്തിരിവള്ളിയിൽ നിന്ന് ശക്തി സ്വീകരിക്കുന്നതുപോലെ, നാം അവനിൽ നിന്ന് ജീവൻ സ്വീകരിക്കുന്നു. നാം നല്ല ഫലം പുറപ്പെടുവിക്കുന്നതിനായി ദൈവം നമ്മളാകുന്ന ശാഖകൾ വെട്ടിമാറ്റുന്നത് തുടരുമ്പോൾ അവന്റെ വേരുകൾ നമുക്ക് പോഷണം നൽകുകയും വളരാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. അവൻ നമ്മിൽ വളർത്തുന്ന ഫലം സ്നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ, നന്മ, സൗമ്യത, വിശ്വസ്തത, ആത്മനിയന്ത്രണം എന്നിവയാണ്.
യേശുവിന്റെ ജീവിതത്തിലും ത്യാഗത്തിലും ഉള്ള നമ്മുടെ വിശ്വാസത്തിലൂടെ ദൈവത്തിന്റെ ആത്മാവിനാൽ നമ്മുടെ ജീവിതം രൂപാന്തരപ്പെട്ടാൽ, ആ രൂപാന്തരം നമ്മുടെ വിശ്വാസം യഥാർത്ഥമാണെന്നതിന്റെ തെളിവായി വർത്തിക്കുന്നു. തന്റെ മരണത്തിലൂടെ അവൻ നേടിയത് ഇപ്പോൾ നമുക്ക് ലഭിക്കുമെന്ന് ഈ വാഗ്ദാനങ്ങൾ നമുക്ക് ഉറപ്പുനൽകുന്നു.
നമ്മുടെ രക്ഷ ആത്മാവിന്റെ ഫലത്തിൽ നിന്നല്ല വരുന്നത്. ആത്മനിയന്ത്രണം പരിശീലിക്കുകയോ സമാധാനം കാംക്ഷിക്കുകയോ ചെയ്താലും നമുക്ക് രക്ഷ ലഭിക്കില്ല.എന്നിരുന്നാലും, നമ്മുടെ ജീവിതത്തിൽ ഈ ഫലങ്ങൾ പൂർണ്ണമായും ഇല്ലെങ്കിൽ, നമ്മൾ യഥാർത്ഥ ക്രിസ്ത്യാനികളാണോ എന്ന് നാം സ്വയം ചോദിക്കേണ്ടതുണ്ട്.
അവന്റെ വിലയേറിയ രക്തം നമ്മുടെ ജീവന്റെ ശാഖകളെ പോഷിപ്പിക്കുന്ന വെള്ളം പോലെയാണ്. ശക്തരും പക്വതയുള്ളവരുമായി വളരാൻ, സസ്യങ്ങൾ സൂര്യപ്രകാശത്തിൽ വളരുന്നതുപോലെ, നാം പുത്രന്റെ വെളിച്ചത്തോട് അടുത്ത് നിൽക്കേണ്ടതുണ്ട്, അവന്റെ സ്നേഹത്തിലും സത്യത്തിലും മുഴുകണം.
കൂടുതൽ ആഴത്തിലുള്ള പഠനത്തിനായി
യേശു ഭൂമിയിൽ ജീവിച്ചതിന് ഏകദേശം 700 വർഷങ്ങൾക്ക് മുമ്പ് എഴുതിയ ഒരു പ്രവചനമായ യെശയ്യാവ് 52:13 – 53:12 വായിക്കാൻ ഒരു നിമിഷം എടുക്കുക. തുടർന്ന്, യോഹന്നാൻ 19:16-42 ലേക്ക് തിരിഞ്ഞ് ആ പ്രവചനത്തിന്റെ നിവൃത്തിയെക്കുറിച്ച് ചിന്തിക്കുക. ആ ഭാഗങ്ങളിലൂടെ കടന്നുപോകുമ്പോൾ, പ്രധാനപ്പെട്ടതോ വേറിട്ടുനിൽക്കുന്നതോ ആയ എന്തെങ്കിലും വിശദാംശങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ വന്നാൽ, അത് എഴുതി വെക്കുക, തുടർന്ന്, മറ്റൊരു ക്രിസ്ത്യാനിയുമായി നിങ്ങളുടെ ചിന്തകളും ചോദ്യങ്ങളും ചർച്ച ചെയ്യുക. നിങ്ങളെ സുഖപ്പെടുത്താനാണ് യേശു മരിച്ചത് എന്ന ആശയം നിങ്ങളെ വൈകാരികമായി എങ്ങനെ സ്വാധീനിക്കുന്നു?