പാഠം 1
നമുക്ക് ഒരു സന്തോഷവാർത്തയുണ്ട്. ദൈവം നമ്മെ സ്നേഹിക്കുകയും ക്ഷമിക്കുകയും ചെയ്യുമെന്നും, നാം സ്നേഹത്തിൽ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്നിടത്തോളം കാലം, നിത്യജീവൻ, തിന്മയിൽ നിന്നുള്ള മോചനം, അവനുമായുള്ള അടുത്ത സൗഹൃദം എന്നിവ നമുക്ക് നൽകുമെന്നും അവൻ വാഗ്ദാനം ചെയ്യുന്നു.
ഇത് സത്യമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? നിങ്ങളുടെ ആത്മാവിലും നിങ്ങളുടെ നിത്യ യാത്രയിലും അത് ചെലുത്തുന്ന ആഴമേറിയ സ്വാധീനം നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ?
ദൈവത്തെ നിത്യതയോളം സ്നേഹിക്കുകയും, അനുസരിക്കുകയും, അവനിൽ ആനന്ദിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ ജീവിത ലക്ഷ്യമെന്ന് തിരുവെഴുത്ത് നമ്മോട് പറയുന്നു —എന്നിരുന്നാലും,ഈ ദിവ്യ വിളി നിറവേറ്റാൻ നമുക്ക് കഴിയുന്നില്ല.
എന്തുകൊണ്ട്?
കാരണം അവനിൽ നിന്ന് രണ്ട് വിധത്തിൽ വേർപിരിഞ്ഞാണ് നാം ജനിച്ചത്.
ഒന്നാമതായി, നമുക്ക് അവനെക്കുറിച്ചുള്ള യഥാർത്ഥ അറിവില്ല, അങ്ങനെ വരുമ്പോൾ നമുക്ക് പരിചയമില്ലാത്ത ഒരാളെ സ്നേഹിക്കുക എന്നത് തികച്ചും അസാധ്യമാണ്.
രണ്ടാമതായി, ദൈവത്തിന്റെ ജീവൻ, ജ്ഞാനം, സ്നേഹം എന്നിവയിൽ നിന്ന് നമ്മെ അകറ്റുന്ന തിന്മ നിറഞ്ഞ ആഗ്രഹങ്ങളുമായാണ് നാം ഈ ലോകത്തിലേക്ക് വരുന്നത്. ഈ തിന്മ നിറഞ്ഞ ആഗ്രഹങ്ങൾ തന്നെയാണ് മരണം, രോഗം, അനീതി, യുദ്ധം, തുടങ്ങി മനുഷ്യരാശിയെ ഭാരപ്പെടുത്തുന്ന എല്ലാ ദുഃഖങ്ങൾക്കും കാരണമാകുന്നത്.
നമ്മുടെ ഹൃദയത്തിലെ തിന്മ നിറഞ്ഞ ആഗ്രഹങ്ങൾ സ്രഷ്ടാവിൽ നിന്ന് നമ്മെ എങ്ങനെ അകറ്റുന്നു?
സ്വാർത്ഥതയാണ് എല്ലാ തിന്മകളുടെയും മൂലകാരണം, അത് ബന്ധങ്ങൾക്ക് ദോഷം വരുത്തുന്നു. ഒരു പുരുഷൻ തന്റെ ഭാര്യയോട് കൂടുതൽ അടുക്കുന്തോറും, തന്റെ വാക്കുകൾ, പ്രവൃത്തികൾ, ചിന്തകൾ എന്നിവ അവളെ എങ്ങനെ വേദനിപ്പിച്ചേക്കാം എന്നതിനെക്കുറിച്ച് അയാൾ കൂടുതൽ ബോധവാനാകുന്നു. ദൈവവുമായുള്ള നമ്മുടെ ബന്ധത്തിലും അങ്ങനെ തന്നെ. നാം ദൈവത്തോട് കൂടുതൽ അടുക്കുന്തോറും, നമ്മളിലുള്ള തിന്മ സ്വഭാവം അവനുമായുള്ള നമ്മുടെ ബന്ധത്തെ എങ്ങനെ തടസ്സപ്പെടുത്തുന്നുവെന്ന് നാം കൂടുതൽ തിരിച്ചറിയുന്നു.
ദൈവത്തിൽ നിന്നുള്ള നമ്മുടെ വേർപിരിയലിനോട് അവന്റെ പ്രതികരണം എന്തായിരുന്നു?
നമ്മളുമായുള്ള അടുത്ത സൗഹൃദം പുനഃസ്ഥാപിക്കുന്നതിനായി ദൈവം മനുഷ്യനാകാൻ തീരുമാനിച്ചു. ആ മനുഷ്യൻ യേശുവായിരുന്നു.
എന്തുകൊണ്ടാണ് ഒരു മനുഷ്യനായി ജനിക്കണം എന്നത് ദൈവത്തിന് പ്രധാനമായത്?
ഒന്നാമതായി, നമ്മളുമായി ഒരു വ്യക്തിപരമായ ബന്ധം സ്ഥാപിക്കാൻ. രണ്ടാമത്, നമ്മുടെ സന്തോഷങ്ങളും ദുഃഖങ്ങളും പോരാട്ടങ്ങളും മനസ്സിലാക്കാനും അനുഭവിക്കാനും. മൂന്നാമതായി, നമ്മുടെ പാപങ്ങൾക്കുള്ള ശിക്ഷ നമ്മുടെ സ്ഥാനത്ത് സ്വയം ബലിയർപ്പിച്ചുകൊണ്ട് ഏറ്റെടുക്കുവാൻ. നാലാമതായി, മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുക, നമ്മുടെ പാപങ്ങളിൽ നിന്ന് നമ്മെ ശുദ്ധീകരിക്കുക, നമുക്ക് നിത്യജീവൻ നൽകുക എന്നിവയിലൂടെ അവനുമായുള്ള ഒരു ശാശ്വത ബന്ധത്തിലേക്ക് നമ്മെ കൊണ്ടുവരിക.
നമുക്കുവേണ്ടി മരിക്കാൻ യേശു തിരഞ്ഞെടുത്തതിന്റെ ഒരു കാരണം ദൈവം തിന്മയെ ശിക്ഷിക്കുന്നുവെന്ന് തെളിയിക്കുക എന്നതായിരുന്നു. തിന്മയെ ശിക്ഷിക്കാതെ വിടുന്ന ഒരു ദൈവത്തെ നമുക്ക് ആവശ്യമില്ല. ദൈവം തിന്മയെ ശിക്ഷിക്കാതെ വിടില്ല എന്നതിന്റെ തെളിവാണ് യേശുവിന്റെ മരണം, കാരണം അവൻ പൂർണ്ണമായും നിരപരാധിയാണെങ്കിലും, നമ്മുടെ തിന്മകളുടെ ശിക്ഷ സ്വയം ഏറ്റുവാങ്ങുവാൻ അവൻ തീരുമാനിച്ചു.
നമ്മുടെ പാപകരമായ ആഗ്രഹങ്ങളിൽ നിന്ന് നമ്മെ മോചിപ്പിക്കുകയും, അവനുമായുള്ള യഥാർത്ഥ സൗഹൃദത്തിൽ നടക്കാൻ നമ്മുടെ ഹൃദയങ്ങളെ മാറ്റുകയും ചെയ്യുക എന്നതായിരുന്നു അവന്റെ ഏറ്റവും വലിയ ലക്ഷ്യം. ഇതിനെ ബൈബിൾ "വീണ്ടും ജനനം" എന്ന് വിളിക്കുന്നു. അതായത് പൂർണ്ണമായും രൂപാന്തരപ്പെടുകയും, നമ്മുടെ ദുഷ്ടാഭിലാഷങ്ങളുടെ അടിമത്തത്തിൽ നിന്ന് മുക്തരായി ദൈവവുമായുള്ള അടുത്ത ബന്ധത്തിൽ ജീവിക്കുകയും ചെയ്യുക എന്നാണ് ഇതിന്റെ അർത്ഥം.
അതിനർത്ഥം യേശു നമ്മുടെ ശിക്ഷ ഏറ്റുവാങ്ങിയതോടെ സന്തോഷവാർത്ത അവസാനിക്കുന്നില്ല എന്നാണ്.
യേശു മരിച്ചതിനുശേഷം അവൻ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റു, ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് ബൈബിൾ പഠിപ്പിക്കുന്നു. അവൻ നമുക്ക് മനോഹരമായ ഒരു കൈമാറ്റം വാഗ്ദാനം ചെയ്യുന്നു: നമ്മുടെ തകർന്ന ജീവിതത്തിനു പകരം തന്റെ പൂർണതയുള്ള ജീവിതം. ഈ അത്ഭുതകരമായ ദാനം നാം സ്വീകരിക്കുമ്പോൾ, അവന്റെ ആത്മാവ് നമ്മുടെ ഉള്ളിൽ വസിക്കുന്നു, ക്രമേണ നമ്മുടെ ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്നു, നമ്മുടെ പാപകരമായ ആഗ്രഹങ്ങളെ അവന്റെ നന്മയ്ക്കുവേണ്ടിയുള്ള വർദ്ധിച്ചുവരുന്ന വാഞ്ഛയാൽ മാറ്റിസ്ഥാപിക്കുന്നു.
ശുദ്ധീകരിക്കപ്പെടുകയും വിശുദ്ധരാക്കപ്പെടുകയും ചെയ്യുന്ന പ്രക്രിയയെ വിശുദ്ധീകരണം എന്ന് വിളിക്കുന്നു. ഈ ഭൂമിയിലെ നമ്മുടെ സമയം അവസാനിച്ചു നാം ദൈവത്തോടൊപ്പമാകുന്നതുവരെ നാം പൂർണരാകില്ല. എങ്കിലും, ഈ പ്രക്രിയ നമ്മെ ഈ ലോകത്ത് മികച്ച തിരഞ്ഞെടുപ്പുകൾ നടത്താനും സന്തോഷകരമായ ജീവിതം നയിക്കാനും സഹായിക്കും.
ഈ മാറ്റങ്ങൾ ആത്മാവിന്റെ ഫലം എന്നറിയപ്പെടുന്നു: സ്നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ, നന്മ, സൗമ്യത, വിശ്വസ്തത, ആത്മനിയന്ത്രണം. ക്രിസ്ത്യാനികളെന്ന നിലയിൽ, ഈ ഗുണങ്ങൾ നമ്മുടെ ജീവിതത്തിൽ ക്രമാനുഗതമായി വികസിച്ചുകൊണ്ടിരിക്കണം. അങ്ങനെയല്ലെങ്കിൽ, ബൈബിൾ വായിച്ചും, തിന്മയിൽ നിന്ന് പിന്തിരിഞ്ഞും പ്രാർത്ഥിച്ചും ആരാധിച്ചും നമ്മുടെ ജീവിതം ദൈവത്തിന് നൽകുകയും അവനോട് കൂടുതൽ അടുക്കുകയും ചെയ്യേണ്ടതിന്റെ ഒരു അടയാളമായി ഇതിനെ കാണണം.
നമുക്ക് സ്വയം ആത്മാവിന്റെ ഫലത്തെ പരിപോഷിപ്പിക്കുവാൻ കഴിയില്ല. യേശുവിനോടുള്ള നമ്മുടെ സ്നേഹം പ്രകടിപ്പിക്കുമ്പോൾ, ഈ നല്ല ഗുണങ്ങൾ വളരാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും.
കുരിശ് എടുത്ത് യേശുവിനെ അനുഗമിക്കണമെന്ന് ബൈബിൾ പറയുന്നു. ആ വാചകം നമ്മുടെ സ്വാർത്ഥതയുടെ മരണത്തെ പ്രതിനിധീകരിക്കുന്ന ഒരു പ്രതീകമാണ്. യേശു സ്വന്തം കുരിശ് (ഒരു പീഡനോപകരണം!) വഹിച്ചുകൊണ്ട് അതിൽ തൂങ്ങി മരിച്ചതുപോലെ, നമ്മുടെ സ്വാർത്ഥതയുടെ മരണത്തിലൂടെ നാമും അത് പ്രതീകാത്മകമായി ചെയ്യണം.
എന്തുകൊണ്ടാണ് ഇത് പ്രധാനമായിരിക്കുന്നത്? കാരണം നമ്മുടെ സ്വാർത്ഥ ആഗ്രഹങ്ങൾ ദൈവത്തിന്റെ ആഗ്രഹങ്ങളുമായി നിരന്തര പോരാട്ടത്തിലാണ്. പൂർണ്ണമായും കീഴടങ്ങാനും അവനിൽ ആശ്രയിക്കാനും യേശു നമ്മോട് ആവശ്യപ്പെടുന്നു. ദൈവത്തിനായി വാഞ്‌ഛിക്കുന്ന ഒരു ഹൃദയത്തിനായി നമ്മുടെ സ്വാർത്ഥ ആഗ്രഹങ്ങൾ കൈമാറ്റം ചെയ്യാൻ അവൻ നമ്മെ ക്ഷണിക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ, ദൈവത്തിനും അവന്റെ ജനത്തിനും വേണ്ടിയുള്ള എളിയ സേവനത്തിലൂടെ നാം നമ്മുടെ സ്നേഹം പ്രകടിപ്പിക്കുന്നു.
നാം ദൈവത്തിന് നമ്മെത്തന്നെ സമർപ്പിക്കുകയും അവനിൽ മാത്രം നമ്മുടെ സന്തോഷം കണ്ടെത്തുകയും ചെയ്യുമ്പോൾ, അവന്റെ പഠിപ്പിക്കലുകൾ അനുസരിക്കാനുള്ള ശക്തിയും ആഗ്രഹവും അവൻ നമുക്ക് നൽകുന്നു. അത് അവനെ നാം ശ്വസിക്കുന്ന വായുവാക്കി മാറ്റുന്നത് പോലെയാണ്. യേശുവിൽ ശ്വസിക്കുക. യേശുവിൽ നിശ്വസിക്കുക. ആവർത്തിക്കുക. എല്ലാ ദിവസവും. നമ്മുടെ അവസാന ശ്വാസം വരെ. നമ്മുടെ ശത്രുക്കളെപ്പോലും സ്നേഹിക്കാൻ ദൈവം നമ്മോട് കൽപ്പിക്കുമ്പോൾ, അവന്റെ ആത്മാവ് നമ്മെ നയിക്കുകയും അതിനായി ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് വിശ്വസിക്കാൻ ഈ ദിവ്യ ബന്ധം നമ്മെ ധൈര്യപ്പെടുത്തുന്നു.
അവന്റെ ആത്മാവ് നമ്മുടെ ഉള്ളിൽ വസിക്കുന്നതിനാൽ, നമുക്ക് അനുഭവിക്കുവാൻ കഴിയുന്ന ഏറ്റവും അടുത്ത ബന്ധമാണ് യേശുവുമായുള്ള ബന്ധം. നിങ്ങൾ ദൈവത്തെ സ്നേഹത്തിൽ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുമ്പോൾ ഈ ബന്ധം നിങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തും. വഴിയിൽ നീ കാൽ ഇടറി വീണാലും, അവന്റെ കൃപ നമ്മെ തിരികെ ദൈവ സ്നേഹത്തിലേക്ക് നയിക്കും.
ഈ തരത്തിലുള്ള ജീവിതം നിങ്ങളെ ഒരു സാധാരണ ജീവിതം ആസ്വദിക്കുന്നതിൽ നിന്ന് തടയുമോ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ എന്റെ സുഹൃത്തേ, ദൈവത്തെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നത് നമ്മുടെ ഹൃദയങ്ങളെ അവന്റെ സമാധാനവും സന്തോഷവും കൊണ്ട് നിറയ്ക്കുമെന്നും, അത് ജീവിതത്തെ കൂടുതൽ അർത്ഥവത്താക്കുന്നുവെന്നും ഞങ്ങൾ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.
ഈ ജീവിതത്തിൽ നാം ഒരിക്കലും തിന്മ നിറഞ്ഞ ആഗ്രഹങ്ങളിൽ നിന്ന് പൂർണ്ണമായും മുക്തരാകുകയില്ല, അതിനാൽത്തന്നെ ചിലപ്പോഴൊക്കെ ഇടറി വീണാലും, യേശുവിനോടുള്ള നമ്മുടെ സ്നേഹം ആ ആഗ്രഹങ്ങളെ ദുർബലപ്പെടുത്തുകയും അവയെ നിറം കെടുത്തുകയും ചെയ്യുമെന്ന് അറിയുക. ദൈവം നമുക്ക് ഈ സ്വാതന്ത്ര്യം നൽകുന്നത്, അവനെയും, നമ്മെ ചുറ്റിപ്പറ്റിയുള്ള ലോകത്തെയും, അവൻ നമ്മെ ഏൽപ്പിച്ച ബന്ധങ്ങളെയും, വിശുദ്ധിയിൽ പൂർണ്ണമായി ആസ്വദിക്കാൻ വേണ്ടിയാണ്.
ദൈവത്തിന് നമ്മുടെ ആഗ്രഹങ്ങളെ യഥാർത്ഥത്തിൽ മാറ്റാൻ കഴിയുമെന്ന് വിശ്വസിക്കാൻ നമ്മളിൽ പലരും പാടുപെടുന്നു. പക്ഷേ ഞാൻ നിങ്ങളോട് പറയട്ടെ - അവനാൽ അത് സാധ്യമാണ്! അത് യഥാർത്ഥമാണ്. അല്ലായെങ്കിൽ എങ്ങനെയാണ് ഇതിനെ ഒരു സന്തോഷ വാർത്തയെന്ന് വിളിക്കുവാൻ സാധിക്കുക?
ദൈവത്തിന് നമ്മുടെ ഹൃദയങ്ങളെ മാറ്റുവാൻ സാധ്യമെങ്കിൽ, ദൈവം ആഗ്രഹിക്കുന്ന രീതിയിൽ കൂടുതൽ ക്രിസ്ത്യാനികൾ ജീവിക്കാത്തത് എന്തുകൊണ്ട്?
തിന്മയിൽ നിന്ന് മുക്തമായി ജീവിക്കാനുള്ള കൃപ ഓരോ ക്രിസ്ത്യാനിക്കും ലഭിച്ചിട്ടുണ്ടെങ്കിലും, ആ കൃപ നാം അവഗണിക്കുന്ന നിമിഷങ്ങളുണ്ട്. ക്രിസ്ത്യാനികളായതിനുശേഷവും നാം ചിലപ്പോൾ ഇടറിവീഴുകയും ക്രിസ്തുവിന്റെ വെളിച്ചത്തിന് പകരം തിന്മ തിരഞ്ഞെടുക്കുകയും ചെയ്തേക്കാം.
ചിലർക്ക് തിന്മയിൽ നിന്ന് മോചനം ലഭിക്കാതിരിക്കുന്നത്, അത് സാധ്യമാണെന്ന് അവർ വിശ്വസിക്കാത്തത് കൊണ്ടാണ്, അല്ലെങ്കിൽ തിന്മയിൽ നിന്ന് ഒരു മോചനം ദൈവത്താൽ സാധ്യമെന്ന് അറിയാത്തതിനാലാണ്. മറ്റു ചിലർ ഈ പാതയിൽ നിന്ന് ഒഴിഞ്ഞുമാറുന്നത്, ഇത്തരമൊരു ജീവിതത്തിന് കൊടുക്കേണ്ടുന്ന വില വളരെ വലുതായി തോന്നുന്നത് കൊണ്ടാണ്. കാരണം, അത് ദൈവത്തോട് പൂർണ്ണവും നിരന്തരമായതുമായ കീഴടങ്ങലിന്റെ ഒരു ജീവിതം ആവശ്യപ്പെടുന്നു.
എന്താണ് ഇതിൻ്റെ അർത്ഥം?
ദൈവത്തിന് കീഴടങ്ങുക എന്നത് ഒരിക്കൽ മാത്രം ചെയ്യേണ്ടുന്ന കാര്യമല്ല, മറിച്ച് നമ്മുടെ ജീവിതകാലം മുഴുവൻ നാം ദൈവത്തിന് കീഴടങ്ങിയവർ ആയിരിക്കേണ്ടതുണ്ടെന്ന് ദൈവം കല്പിച്ചിരിക്കുന്നു. കാരണം നമ്മുടെ ഹൃദയങ്ങൾ സ്വാഭാവികമായും സ്വാർത്ഥതയിലേക്ക് മടങ്ങുവാൻ വെമ്പുന്നവയാണ്, അപ്പോൾ അതിനെ മറികടക്കണമെങ്കിൽ നാം എല്ലായിപ്പോഴും ദൈവത്തിന് കീഴടങ്ങിയവർ ആയിരിക്കേണ്ടതുണ്ട്. ഈ പ്രവണതയെ പാപസ്വഭാവം എന്നാണ് ബൈബിൾ വിളിക്കുന്നത്. നാം ജനിച്ച ദിവസം മുതൽ മരിക്കുന്ന ദിവസം വരെ അത് നമ്മിൽ നിലനിൽക്കുന്നു.
നാം ദൈവത്തിൽ വിശ്വസിക്കുകയും അവനിൽ ആശ്രയിക്കുകയും ചെയ്യുമ്പോൾ, പാപത്തിൽ നിന്ന് അകന്നുമാറുമ്പോൾ, പ്രാർത്ഥിക്കുമ്പോൾ, ആരാധിക്കുമ്പോൾ, ബൈബിൾ വായിക്കുമ്പോൾ, സഹക്രിസ്ത്യാനികളുമായി ബന്ധപ്പെടുമ്പോൾ, നമ്മിലുള്ള ക്രിസ്തുവിന്റെ ആത്മാവ് നമ്മുടെ ഹൃദയങ്ങളെ രൂപാന്തരപ്പെടുത്താൻ തുടങ്ങുന്നു. പതുക്കെ, നമ്മുടെ പാപസ്വഭാവത്തിന്റെ പിടിയിൽ നിന്ന് അവൻ നമുക്ക് കൂടുതൽ കൂടുതൽ സ്വാതന്ത്ര്യം നൽകുന്നു.
ഓർക്കുക, വളർച്ച എന്നത് സമയമെടുക്കുന്ന ഒരു യാത്രയാണ്. വഴിയിൽ നിരുത്സാഹപ്പെടരുത്, വളർച്ചയുടെ പ്രക്രിയയിൽ ദൈവത്തെ വിശ്വസിക്കുക. പുരോഗതി മന്ദഗതിയിലായതുകൊണ്ട് നിങ്ങൾ ശ്രമിക്കുന്നത് നിർത്താം എന്ന് കരുതരുത്.
നാം ദൈവത്തെ മാനിക്കുമ്പോൾ, ഈ ലോകത്തിൽ ഒന്നിനും നൽകാൻ കഴിയാത്ത സന്തോഷവും സമാധാനവും കൊണ്ട് അവൻ നമ്മുടെ ഹൃദയങ്ങളെ നിറയ്ക്കുന്നു. തിന്മ മോശമായതുകൊണ്ട് മാത്രം നാം അതിൽ നിന്ന് പിന്തിരിയുന്നില്ല; ദൈവത്തിൽ നിന്ന് വരുന്ന നന്മയും സംതൃപ്തിയും അനുഭവിക്കാൻ വേണ്ടിയാണ് നാം അത് ചെയ്യുന്നത്.
ദൈവം തന്റെ മഹത്വത്തിനായുള്ള തന്റെ വേലയുടെ ഭാഗമാകാൻ നമ്മെ ക്ഷണിക്കുന്നു. നാം അവനു കീഴടങ്ങുമ്പോൾ, ഈ അത്ഭുതകരമായ സൗഹൃദം മറ്റുള്ളവരുമായി പങ്കിടാനുള്ള ആഗ്രഹം അവൻ നമ്മുടെ ഹൃദയങ്ങളിൽ നിറയ്ക്കുന്നു - അതിനെയാണ് നമ്മൾ സുവിശേഷപ്രവർത്തി എന്ന് വിളിക്കുന്നത്. നമ്മൾ അനുഭവിച്ചറിഞ്ഞ ആ വിശ്വാസത്തിന്റെ അനുഭവം, അത് എങ്ങനെ അനുഭവിക്കണമെന്ന് അവരെ പഠിപ്പിക്കാനും അവൻ നമ്മെ പ്രചോദിപ്പിക്കുന്നു, അതിനെ ശിഷ്യത്വം എന്ന് വിളിക്കുന്നു.
ദൈവത്തിന്റെ ദാനങ്ങൾ വളരെ അത്ഭുതകരമാണ്, ഒരിക്കൽ നാം അവ അനുഭവിച്ചാൽ, നമുക്ക് അവ മറ്റുള്ളവരുമായി പങ്കിടാതിരിക്കാൻ കഴിയില്ല. കർത്താവ് നല്ലവനാണെന്ന് നാം രുചിച്ച് അറിയുമ്പോൾ, നമുക്ക് ലഭിച്ച അതേ സ്വാതന്ത്ര്യവും സന്തോഷവും കണ്ടെത്താൻ മറ്റുള്ളവരെ സഹായിക്കാനുള്ള ആഗ്രഹത്താൽ നമ്മുടെ ഹൃദയങ്ങൾ നിറഞ്ഞൊഴുകും.
ഒരിക്കൽ കൂടി, ഇതാ ഒരു സന്തോഷവാർത്ത (ഏറ്റവും നല്ല വാർത്ത!) നാം സ്നേഹത്തിൽ അവനെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്നിടത്തോളം കാലം, ദൈവം നമ്മെ സ്നേഹിക്കുകയും ക്ഷമിക്കുകയും നിത്യജീവൻ, തിന്മയിൽ നിന്നുള്ള മോചനം, അവനുമായുള്ള അടുത്ത ബന്ധം എന്നിവ നൽകുകയും ചെയ്യുമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു. നമ്മുടെ ജീവിതാവസാനം വരെ നാം വിശ്വസ്തരായി തുടരുകയാണെങ്കിൽ, ദുഷ്ട ആഗ്രഹങ്ങളുടെയും, മരണത്തിന്റെയും, തകർച്ചയുടെയും ശാപത്തിൽ നിന്ന് പൂർണ്ണമായും മുക്തമായ ഒരു പുതു ശരീരം നമുക്ക് നൽകുമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു, അങ്ങനെ നമുക്ക് അവനോടൊപ്പം നിത്യത മുഴുവൻ ജീവിക്കാൻ കഴിയും.
മോശം വാർത്ത എന്തെന്നാൽ, ദൈവത്തിന്റെ വാഗ്ദാനം നിരസിക്കുന്നവർ നിത്യശിക്ഷയും അവനിൽ നിന്നുള്ള വേർപിരിയലും നേരിടേണ്ടിവരും എന്നതാണ്, നമ്മുടെ തിന്മകൾ കാരണം നാമെല്ലാവരും അർഹിക്കുന്ന അനന്തരഫലം.
സുവിശേഷം ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ച് നമ്മെ പഠിപ്പിക്കുകയും അവനെ നിരസിക്കുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു, ആ സവിശേഷതയാണ് സുവിശേഷത്തെ നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സത്യമാക്കി മാറ്റുന്നത്.
ദൈവം നമ്മെ സൃഷ്ടിച്ചത് അവനെ മഹത്വപ്പെടുത്താനും, അവനിൽ എന്നെന്നേക്കും ആനന്ദിക്കുവാനുമാണ്. വ്യക്തിപരമായ ആനന്ദമുള്ള ഒരു ജീവിതം, അല്ലെങ്കിൽ ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരു ജീവിതം എന്നിങ്ങനെ രണ്ട് തിരഞ്ഞെടുപ്പുകൾ ഉണ്ടെന്നും, അതിൽ ഒന്ന് നമ്മൾ തിരഞ്ഞെടുക്കണം എന്നാണ് നമ്മൾ കരുതുന്നത്. പക്ഷേ അത് ഒരു തെറ്റിദ്ധാരണയാണ്. തിന്മ നിറഞ്ഞ ആസക്തികൾക്ക് കീഴടങ്ങുന്നത് ക്ഷണികമായ സംതൃപ്തി നൽകിയേക്കാം, പക്ഷേ ആത്യന്തികമായി അത് വിഷാദത്തിലേക്കും, ആത്മാഭിമാന നഷ്ടത്തിലേക്കും, വിനാശകരമായ ശീലങ്ങളിലേക്കും മാത്രമായിരിക്കും നമ്മെ നയിക്കുക.
പാപത്തിന്റെ അടിമകളായി ജീവിക്കുന്നതിനുപകരം, ദൈവത്തിന്റെ നന്മയുടെ സന്നദ്ധ സേവകരായി നാം നമ്മെ തന്നെ കാണുമ്പോൾ, നമ്മുടെ ജീവിതത്തിലെ അവന്റെ സാന്നിധ്യവും, സുവിശേഷത്തിൽ അവൻ നമുക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന മഹത്തായ ദാനങ്ങളും നമുക്ക് സന്തോഷവും സ്വാതന്ത്ര്യവും നൽകുന്നു, അത് നമ്മളിൽനിന്ന് എടുത്തുകളയാൻ യാതൊന്നിനും കഴിയില്ല.
നാം ചെയ്യേണ്ടത് അവന് എല്ലാം നൽകുക എന്നതാണ്: അവന്റെ ക്ഷമ, ജീവിതം, അനന്തമായ സ്നേഹം എന്നിവ സ്വീകരിക്കുന്നതിന് പകരമായി നമ്മുടെ എല്ലാ അനുസരണക്കേടും അവന് സമർപ്പിക്കേണ്ടതുണ്ട്.
ഇത് ഓർത്തിരിക്കാനുള്ള ഏറ്റവും എളുപ്പമാർഗ്ഗം സാൽവേഷൻ പോയമാണ്:
ക്രൂശില്‍, യേശു മരിച്ചു നീ
പിന്നെ ഉയിര്‍ത്തു നീ, എന്നെ രക്ഷിപ്പാന്‍
എന്‍റെ പാപങ്ങളെ ക്ഷമിക്കു നീ
രക്ഷകനേ വരൂ, എന്‍ മിത്രമാകൂ
മാറ്റൂ എന്‍ ജീവന്‍, പുതുക്കിടുക
എന്നെ സഹായിക്കൂ, കര്‍ത്തനായ് ജീവിപ്പാന്‍
കൂടുതൽ ആഴത്തിലുള്ള പഠനത്തിനായി
യോഹന്നാൻ 17-ാം അധ്യായം വായിക്കുക, മരിക്കുന്നതിന് മുമ്പ് നിങ്ങൾക്കും എനിക്കും വേണ്ടി യേശു നടത്തിയ ഹൃദയംഗമമായ പ്രാർത്ഥന അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആ അധ്യായത്തിലൂടെ കടന്നുപോകുമ്പോൾ, പ്രധാനപ്പെട്ടതോ വേറിട്ടുനിൽക്കുന്നതോ ആയ എന്തെങ്കിലും വിശദാംശങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ വന്നാൽ, അത് എഴുതി വെക്കുക, തുടർന്ന്, മറ്റൊരു ക്രിസ്ത്യാനിയുമായി നിങ്ങളുടെ ചിന്തകളും ചോദ്യങ്ങളും ചർച്ച ചെയ്യുക. യേശു നിങ്ങൾക്കുവേണ്ടി വ്യക്തിപരമായി പ്രാർത്ഥിച്ചുവെന്ന് അറിയുമ്പോൾ നിങ്ങൾക്ക് എന്താണ് തോന്നുന്നത്?