Languages

പാഠം 4

യേശു തന്റെ മരണത്തിലൂടെ നേടിയ നേട്ടങ്ങളെക്കുറിച്ച് നമ്മൾ ചർച്ച ചെയ്തപ്പോൾ, തന്നെക്കുറിച്ചുള്ള അവന്റെ അവകാശവാദങ്ങളിൽ വിശ്വസിക്കുന്നതിലൂടെ, അവൻ വാഗ്ദാനം നലകിയ കാര്യങ്ങൾ നമുക്ക് ലഭിക്കാൻ സഹായിക്കുമെന്ന് നമ്മൾ മനസ്സിലാക്കി. എന്നിരുന്നാലും, നമ്മുടെ ജീവിതത്തിൽ അവന്റെ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാകണമെങ്കിൽ, നമ്മുടെ മനോഭാവത്തിലും പെരുമാറ്റത്തിലും ഒരു മാറ്റം ആവശ്യമാണ്.

അവൻ തന്നെക്കുറിച്ചും നമ്മെക്കുറിച്ചും പറയുന്ന കാര്യങ്ങൾ വായിക്കുന്നതിലൂടെയും വിശ്വസിക്കുന്നതിലൂടെയുമാണ് മാറ്റം ആരംഭിക്കുന്നത്. യേശു നമ്മെക്കുറിച്ച് പറയുന്നതിൽ നിന്ന് വ്യത്യസ്തമായി തന്നെക്കുറിച്ച് പറയുന്നതിന്റെ ചില ഉദാഹരണങ്ങൾ ഇതാ.

  1. യേശു പൂർണ്ണമായും നല്ലവനാണ്. നമ്മൾ തിന്മയാൽ നിറഞ്ഞിരിക്കുന്നു.
  2. യേശു നമ്മെ സ്നേഹിച്ചു. നമ്മൾ അവനെ വെറുത്തു.
  3. യേശു നമ്മളെ തിരഞ്ഞെടുത്തു. നമ്മൾ അവനെ തള്ളിക്കളഞ്ഞു.
  4. യേശു ദൈവത്തെ പൂർണമായി അനുസരിച്ചു. നമ്മൾ ദൈവത്തിന്റെ നിയമങ്ങൾക്കെതിരെ മത്സരിച്ചു.
  5. യേശു സ്വന്ത ഇഷ്ടത്താൽ നമ്മൾ ഉൾപ്പടെയുള്ള തന്റെ ശത്രുക്കൾക്ക് വേണ്ടി കഷ്ടതകൾ ഏറ്റുവാങ്ങി. നമ്മുടെ പ്രിയപ്പെട്ടവർക്കുവേണ്ടി പോലും കഷ്ടപ്പെടാൻ നാം മനസ്സോടെ തയ്യാറായിട്ടില്ല.
  6. യേശു ഏറ്റവും വലിയ ദാസനായിരുന്നു. നമുക്ക് സേവനം ചെയ്യാനല്ല, സേവനം സ്വീകരിക്കാനാണ് ഇഷ്ടം.
  7. യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റു. നമ്മൾ എല്ലാവരും മരണത്തിന് വിധേയരാണ്, പക്ഷേ യേശു തന്റെ ജീവൻ നമുക്ക് വാഗ്ദാനം ചെയ്യുന്നതിനാൽ പ്രത്യാശയുണ്ട്.

യേശു ദൈവമാണ്, എന്നാൽ അതേസമയം അവൻ പൂർണ്ണമായും മനുഷ്യനുമാണ്. ഇതുവരെ ജീവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ വ്യക്തിയാണ് അവൻ, നമ്മൾ അവന്റെ ശത്രുക്കളായിരിക്കുമ്പോൾ പോലും, അവൻ നമ്മെ സ്നേഹിക്കുകയും, നമ്മൾ അവനെ തിരികെ സ്നേഹിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു.

എളിമയോടെ അവന്റെ അടുക്കൽ വന്നില്ലെങ്കിൽ ആരെയും മാറ്റാൻ യേശുവിന് കഴിയില്ല. യേശു ഒരു മാന്ത്രിക മന്ത്രമല്ല. നമ്മുടെ മനസ്സിലൂടെ കടന്നുപോകുന്ന എല്ലാ ചിന്തകളെയും മനസ്സിലാക്കുന്ന ഒരു വ്യക്തിയാണ് അവൻ.

ദൈവം അഹങ്കാരികളെ എതിർക്കുന്നു, പക്ഷേ എളിമയുള്ളവർക്ക് കൃപ നൽകുന്നു എന്ന് ബൈബിൾ നമ്മോട് പറയുന്നു. എന്നാൽ, നമ്മുടെ സ്വന്തം ആഗ്രഹങ്ങൾ നേടുന്നതിനായി യേശുവിനെ ഉപയോഗിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് നാം അവനെ സമീപിക്കുന്നതെങ്കിൽ, അവൻ ഒരിക്കലും നമ്മെ സ്വീകരിക്കില്ല. നാം നമ്മുടെ തെറ്റായ പ്രവൃത്തികളിൽ നിന്ന് പിന്തിരിയുകയും, അവയെ വെറുക്കുകയും, പകരം അവന്റെ നന്മ തിരഞ്ഞെടുക്കുകയും ചെയ്തില്ലെങ്കിൽ അവനെ അറിയാനും അവന്റെ വാഗ്ദാനങ്ങളുടെ പ്രതിഫലം സ്വീകരിക്കാനും ഒരിക്കലും സാധ്യമല്ല.

തിന്മയെക്കുറിച്ചുള്ള പശ്ചാത്താപ മനോഭാവവും, യേശുവിന്റെ വാഗ്ദാനങ്ങളിൽ പൂർണ്ണ വിശ്വാസത്തോടെ അവന്റെ നന്മ ആഗ്രഹിക്കുന്നതും നമ്മുടെ ജീവിതരീതിയായി മാറുന്നു. നാം ബൈബിളിൽ മുഴുകുകയും പ്രാർത്ഥിക്കുകയും അവന്റെ ഇഷ്ടം അന്വേഷിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ ഹൃദയങ്ങൾ അഹങ്കാരത്തിൽ നിന്ന് വിനയത്തിലേക്ക് വഴി മാറുന്നു, നമ്മൾ അവനെപ്പോലെയാകാൻ തുടങ്ങുന്നു.

യേശു നമ്മുടെ ഹൃദയങ്ങളിൽ ഉള്ളത് കാണുന്നു. നാം തിന്മയെ വെറുക്കുകയും അവന്റെ നന്മ അത് മാറ്റിസ്ഥാപിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും വേണം. നാം അവനോട് ക്ഷമ ചോദിക്കുമ്പോൾ, അവൻ അത് നൽകും.

നാം താഴ്മയോടെ അവന്റെ അടുക്കൽ വരുമ്പോൾ, അവൻ നമ്മുടെ തകർച്ചയിൽ നമ്മെ താങ്ങുകയും നമ്മുടെ ഹൃദയങ്ങളെ സുഖപ്പെടുത്താൻ തുടങ്ങുകയും ചെയ്യുന്നു. നാം നമ്മെത്തന്നെ സത്യസന്ധമായി കാണുകയും ദൈവം നമ്മെ സ്നേഹിക്കുകയും വളരാൻ സഹായിക്കുകയും ചെയ്യുന്നു എന്ന സത്യത്തോട് യോജിച്ച് ജീവിക്കുകയും ചെയ്യുമ്പോൾ, അവൻ നമുക്ക് ജീവനും സന്തോഷവും സ്നേഹവും നൽകുന്നു.

ഈ പ്രക്രിയയിൽ അവൻ നമ്മെ ഈ വിധം ഉൾപ്പെടുത്തുന്നു എന്നത് മനോഹരമല്ലേ?

നിങ്ങളുടെ തെറ്റുകളിൽ നിങ്ങൾക്ക് ലജ്ജ തോന്നുന്നുവെങ്കിൽ, ദൈവത്തെ സ്തുതിക്കുക! അവന്റെ അടുത്തേക്ക് ഓടുക, താഴ്മയോടെ കുമ്പിടുക, നിങ്ങളെക്കുറിച്ചുള്ള സത്യം കാണിച്ചുതന്നതിന് അവനോട് നന്ദി പറയുക. യേശു തന്റെ സ്നേഹത്താൽ നിങ്ങളെ പിന്തുടരുന്നു എന്നതിന്റെ ഒരു അടയാളമാണിത്.

നിങ്ങളുടെ തിന്മയിൽ നിന്ന് തിരിഞ്ഞ്, പകരം യേശുവിലേക്ക് തിരിയുക. ബൈബിളിലേക്ക് ആഴത്തിൽ ഇറങ്ങുക. പ്രാർത്ഥനയിൽ മുഴുകുക. യേശു ആരാണെന്നും നിങ്ങളിലും, നിങ്ങളിലൂടെയും എന്തുചെയ്യുമെന്നാണ് അവൻ വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും ധ്യാനിക്കുക. അവനെ പ്രസാദിപ്പിക്കാനും അവനുമായി അടുത്ത് ജീവിക്കാനും കഴിയുന്നതിന് നിങ്ങളെത്തന്നെ പൂർണ്ണമായും അവനു സമർപ്പിക്കുക. അവന്റെ സ്നേഹവും വാഗ്ദാനങ്ങളുമാണ് ശുദ്ധമായ ജീവിതം നയിക്കാൻ നിങ്ങൾക്ക് ശക്തിയും അധികാരവും നൽകുന്നതെന്ന് ഓർമ്മിക്കുക.

ഇത് ഒരു നിരന്തര, ഒരു ദൈനംദിന യാത്രയാണ്. നിങ്ങൾ ഇടറിവീഴുകയാണെങ്കിൽ, കുറ്റബോധമോ നിരാശയോ നിങ്ങളെ പിടികൂടാൻ അനുവദിക്കരുത്. നിങ്ങൾ വീഴുന്ന നിമിഷം തന്നെയാണ് നിങ്ങൾ ദൈവത്തിലേക്ക് ഏറ്റവും കൂടുതൽ തിരിയേണ്ട നിമിഷം. ദൈവസ്നേഹത്തേക്കാൾ ശക്തമാണ് നിങ്ങളിലുള്ള തിന്മയെന്ന് കരുതുന്നത് മണ്ടത്തരവും അഹങ്കാരവുമാണ്. നിങ്ങൾ അവനെ എതിർത്തപ്പോഴും യേശു നിങ്ങളെ സ്നേഹിച്ചുവെങ്കിൽ നിങ്ങളിപ്പോൾ അവന്റെ പ്രിയ ദൈവ പൈതലാണ്, അപ്പോൾ അവൻ തീർച്ചയായും നിങ്ങളുടെ കുറവുകളെ ക്ഷമിക്കും! അവൻ നിങ്ങളിലുള്ള തിന്മയെക്കാൾ പതിന്മടങ്ങ് ശക്തനാണ്, നിങ്ങൾ നിങ്ങളെത്തന്നെ വെറുക്കുന്നതിനേക്കാൾ അവൻ നിങ്ങളെ സ്നേഹിക്കുന്നു. അതിൽ വിശ്വസിക്കുക, നിങ്ങൾക്ക് ഒരിക്കലും പ്രതീക്ഷ നഷ്ടപ്പെടില്ല.

കൂടുതൽ ആഴത്തിലുള്ള പഠനത്തിനായി

1 യോഹന്നാൻ 1, എഫെസ്യർ 5:8, യോഹന്നാൻ 11:9-10 എന്നിവ വായിക്കുക, തുടർന്ന് നിങ്ങളുടെ അറിവിൽ ക്ഷമ എന്നാൽ എന്താണെന്നും, "വെളിച്ചത്തിൽ നടക്കുക" എന്നാൽ എന്താണ് അർത്ഥമാക്കുന്നതെന്നും എഴുതുക. അതിനെക്കുറിച്ച് പ്രാർത്ഥിക്കാൻ സമയമെടുക്കുക, തുടർന്ന് നിങ്ങളുടെ ഏറ്റവും അടുത്ത ഒരു ക്രിസ്തീയ സുഹൃത്തിനോട് ഇതേപ്പറ്റി സത്യസന്ധമായി സംസാരിക്കുക. നിങ്ങൾ ക്രിസ്തുവിന്റെ വെളിച്ചത്തിലാണോ ജീവിക്കുന്നത്? നിങ്ങളുടെ ജീവിതം അങ്ങനെയല്ലെന്ന് നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, ആ വെളിച്ചത്തിലേക്ക് കാലെടുത്തുവയ്ക്കാൻ ഇന്ന് നിങ്ങൾക്ക് എന്ത് പ്രായോഗിക നടപടിയാണ് സ്വീകരിക്കാൻ കഴിയുക?

മുമ്പത്തേത് പട്ടിക പട്ടിക അടുത്തത്