പാഠം 9
ദൈവത്തോട് സംസാരിക്കുന്നതാണ് പ്രാർത്ഥന.
മത്തായി 6:9-13-ൽ കാണുന്ന "കർത്താവിന്റെ പ്രാർത്ഥന" എന്നറിയപ്പെടുന്ന പ്രാർത്ഥനയിലൂടെ എങ്ങനെ പ്രാർത്ഥിക്കണമെന്ന് യേശു നമുക്ക് ഒരു ലളിതമായ ഉദാഹരണം നൽകി. എങ്ങനെ പ്രാർത്ഥിക്കണമെന്ന് മാർഗനിർദേശം തേടി തന്റെ ശിഷ്യന്മാരിൽ ഒരാൾ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് കർത്താവ് ഈ പ്രാർത്ഥന നടത്തിയത്.
എന്നിരുന്നാലും, നാം നമ്മുടെ സുഹൃത്തുക്കളുമായി വ്യത്യസ്ത തരത്തിലുള്ള സംഭാഷണങ്ങൾ നടത്തുന്നതുപോലെ, വ്യത്യസ്ത തരത്തിലുള്ള പ്രാർത്ഥനകളും ഉണ്ട്. നമുക്ക് മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കാം. നമുക്ക് വേണ്ടിയും പ്രാർത്ഥിക്കാം. നമുക്ക് സംരക്ഷണം, രോഗശാന്തി, ശക്തി, ജ്ഞാനം എന്നിവ നൽകണമേയെന്ന് നമുക്ക് അപേക്ഷിക്കാം. ദൈവം നമ്മോട് കാണിച്ച നന്മ, കരുണ, ക്ഷമ എന്നിവയ്ക്കായി നമുക്ക് നന്ദി പറയാം. നമ്മൾ സ്നേഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് നമുക്ക് അവനോട് പറയാൻ കഴിയും. അവൻ നമുക്ക് നൽകിയ ദാനങ്ങൾക്ക് നമുക്ക് അവനോട് നന്ദി പറയാം, അല്ലെങ്കിൽ നമ്മുടെ ആശങ്കകൾ, ഭയങ്ങൾ, സംശയങ്ങൾ, ചോദ്യങ്ങൾ എന്നിവ അവനുമായി പങ്കുവെക്കാം.
ഇതെല്ലാം നല്ലതാണ്!
ദൈവം നിങ്ങളുടെ സത്യസന്ധമായ പ്രാർത്ഥനകളെ വിലമതിക്കുന്നു. നിങ്ങൾ സംസാരിക്കുന്നതിനു മുമ്പുതന്നെ അവൻ നിങ്ങളുടെ ചിന്തകളെ മനസ്സിലാക്കുന്നു. പൂർണ്ണഹൃദയത്തോടെ പ്രാർത്ഥിക്കുക. താഴ്മയോടെയും നന്ദിയോടെയും ആത്മവിശ്വാസത്തോടെയും അവനെ സമീപിക്കുക.
കൈകൾ ഉയർത്തി, മടിയിൽ വെച്ച്, അല്ലെങ്കിൽ ഒരുമിച്ച് ചേർത്തുപിടിച്ചോ പ്രാർത്ഥിക്കാം. കണ്ണുകൾ തുറന്നോ അടച്ചോ പ്രാർത്ഥിക്കാം. നടക്കുമ്പോഴോ, നിൽക്കുമ്പോഴോ, ഇരിക്കുമ്പോഴോ, കുമ്പിടുമ്പോഴോ, കിടക്കുമ്പോഴോ നിങ്ങൾക്ക് പ്രാർത്ഥിക്കാം. രാവിലെയോ ഉച്ചകഴിഞ്ഞോ വൈകുന്നേരമോ ആകട്ടെ, ഏത് സമയത്തും നിങ്ങൾക്ക് പ്രാർത്ഥിക്കാം- ദിവസം മുഴുവൻ നിങ്ങളുടെ ഹൃദയം ദൈവത്തിനായി തുറന്നിരിക്കട്ടെ.
നിങ്ങൾ വലിയ വലിയ വാക്കുകൾ ഉപയോഗിച്ച് പ്രാർത്ഥിക്കേണ്ട ആവശ്യമില്ല. കാരണം ദൈവം മനോഹരമായ വാക്കുകൾ കൊണ്ട് ആകർഷിക്കപ്പെടുന്നവനല്ല. നിങ്ങൾ എത്ര നന്നായി സംസാരിക്കുന്നു എന്നത് ദൈവത്തിന് പ്രശ്നമല്ല; അവന് ഇതിനകം എല്ലാം അറിയാം. അവനോട് സത്യസന്ധനാകുക. നിങ്ങളുടെ ഹൃദയത്തിൽ നിന്ന് ദൈവത്തോട് സംസാരിക്കുക, അവനോട് ബഹുമാനം കാണിക്കുക. നിങ്ങളുടെ പ്രാർത്ഥനകൾ കേൾക്കാൻ അവൻ എപ്പോഴും ആഗ്രഹിക്കുന്നുവെന്നും നിങ്ങളോട് അടുത്തിരിക്കാൻ അവൻ ഇഷ്ടപ്പെടുന്നുവെന്നും അറിയുക.
ഒറ്റയ്ക്ക് പ്രാർത്ഥിക്കുകയും മറ്റുള്ളവരോടൊപ്പം പ്രാർത്ഥിക്കുകയും ചെയ്യുക. ഒരുമിച്ച് പ്രാർത്ഥിക്കുന്നതിൽ ശക്തിയുണ്ട്. അത് നമ്മെ ഒന്നിപ്പിക്കുകയും ദൈവത്തെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു.
ഉറക്കെ പ്രാർത്ഥിക്കാൻ ഇഷ്ടപ്പെടുന്നവർ അങ്ങനെ ചെയ്യട്ടെ, നിങ്ങൾക്ക് അങ്ങനെ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അതിൽ യാതൊരു വിഷമവും തോന്നേണ്ട കാര്യമില്ല. പ്രാർത്ഥന നമ്മളെക്കുറിച്ചല്ല; അത് ദൈവത്തോട് കൂടുതൽ അടുക്കുകയും നമ്മുടെ ഹൃദയങ്ങൾ അവനുമായി പങ്കിടുകയും ചെയ്യുന്നതിനെക്കുറിച്ചാണ്. നിങ്ങൾ പ്രാർത്ഥിക്കുന്ന രീതിയെക്കുറിച്ച് ആരെങ്കിലും നിങ്ങളെ പരിഹസിച്ചാൽ, അത് അയാളുടെ ഇടുങ്ങിയ മനസ്സിനെ സൂചിപ്പിക്കുന്നു, അത് അയാളിലുള്ള അഹങ്കാരത്തെ കാണിക്കുന്നു. ഓർക്കുക, അഹങ്കാരം തിന്മയാണ്.
ഓരോ ക്രിസ്ത്യാനിയും ദിവസവും പ്രാർത്ഥിക്കുന്ന ഒരു ശീലം വളർത്തിയെടുക്കണം. ദൈവത്തോട് സംസാരിക്കാൻ നിങ്ങൾ ഓരോ ദിവസവും ഒരു പ്രത്യേക സമയം നീക്കിവയ്ക്കേണ്ടതുണ്ട് എന്നാണ് ഇതിനർത്ഥം. നിങ്ങൾ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, പ്രാർത്ഥന നിങ്ങളുടെ ജീവിതത്തിൽ നിന്ന് അപ്രത്യക്ഷമാകാനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് ഇതുവരെ അത്തരമൊരു പ്രാർത്ഥനയുടെ ശീലമില്ലെങ്കിൽ, ഓരോ ദിവസവും പതിനഞ്ച് മിനിറ്റ് നീക്കി വെച്ചുകൊണ്ട് അത്തരമൊരു ശീലം തുടങ്ങുവാൻ ശ്രമിക്കുക. നിങ്ങളുടെ ദിവസം ആരംഭിക്കുന്നതിന് മുമ്പ് രാവിലെ പ്രാർത്ഥിക്കുന്നതാണ് പൊതുവെ നല്ലത്, കാരണം രാത്രിയിൽ നിങ്ങൾ വളരെ ക്ഷീണിതനോ, തിരക്കുള്ളവനോ, ശ്രദ്ധ കുറവുള്ള ആളോ ആണെങ്കിൽ രാത്രി പ്രാർത്ഥനകൾ കൂടുതൽ ബുദ്ധിമുട്ടായിരിക്കും. പ്രഭാത പ്രാർത്ഥന നിങ്ങളുടെ ദിവസത്തെ ഒരു പോസിറ്റീവ് ദിശയിലേക്ക് നയിക്കും.
നിങ്ങളുടെ പ്രാർത്ഥന സമയം വ്യത്യസ്ത ഭാഗങ്ങളായി വിഭജിക്കുക. പ്രാർത്ഥനയിൽ ഓർക്കേണ്ട കാര്യങ്ങൾ മറന്നുപോകും എന്ന തോന്നൽ ഉണ്ടെങ്കിൽ, സംശയം വരുമ്പോൾ റഫർ ചെയ്യാൻ കഴിയുന്ന തരത്തിൽ ഒരു പ്രാർത്ഥന പദ്ധതി എഴുതി ഒപ്പം സൂക്ഷിക്കുന്നത് സഹായകരമായിരിക്കും.
നിങ്ങളുടെ പ്രാർത്ഥന ക്രമീകരിക്കാനുള്ള ഒരു മാർഗം ഇതാ: നിങ്ങളുടെ തെറ്റുകൾ ഏറ്റുപറഞ്ഞ് ദൈവത്തോട് ക്ഷമ ചോദിച്ചുകൊണ്ട് ആരംഭിക്കുക. തുടർന്ന്, അവന്റെ നന്മ, കരുണ, ദയ, സ്നേഹം എന്നിവയ്ക്ക് അവനോട് നന്ദി പറയാൻ കുറച്ച് നിമിഷങ്ങൾ എടുക്കുക. അതിനുശേഷം, അവന്റെ ശക്തിക്കും വിശ്വസ്തതയ്ക്കും വേണ്ടി അവനെ സ്തുതിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവർക്കുവേണ്ടി - കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുക. ദൈവത്തിന്റെ ശബ്ദത്തിനായി കാത്തിരുന്നുകൊണ്ട് കുറച്ച് സമയം നിശബ്ദതയിൽ ചെലവഴിക്കുക. തുടർന്ന് ഇന്നത്തെ നിങ്ങളുടെ ദിവസത്തിനായി നിങ്ങളെ ശക്തിപ്പെടുത്താൻ ദൈവത്തോട് പ്രാർത്ഥിക്കാൻ ബാക്കിയുള്ള സമയം ചെലവഴിക്കുക.
നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഒരു ഗൈഡായും നിങ്ങൾക്ക് ബൈബിൾ ഉപയോഗിക്കാം. ബൈബിൾ വായിക്കുക, തുടർന്ന് നിങ്ങൾ വായിച്ച കാര്യങ്ങളെക്കുറിച്ച് ദൈവത്തോട് സംസാരിക്കുക, വ്യക്തമല്ലാത്ത ഭാഗങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നതിന് അവനോട് ആവശ്യപ്പെടുക.
നല്ല ശീലങ്ങൾ വികസിപ്പിക്കുക എന്നത് ക്ഷമ ആവശ്യമുള്ള ഒരു ക്രമാനുഗതമായ പ്രക്രിയയാണ്. ഈ ശീലങ്ങളിൽ ഏർപ്പെടുമ്പോൾ സമയമെടുത്ത് സ്വയം ദയ കാണിക്കുക, എന്നാൽ ഓർക്കുക, അലസത നിങ്ങളുടെ വളർച്ചയെ തടസ്സപ്പെടുത്താൻ അനുവദിക്കരുത്.
വ്യക്തികൾ ദിവസേന പതിനഞ്ച് മിനിറ്റ് പ്രാർത്ഥനാ ദിനചര്യയിൽ ഏർപ്പെടുമ്പോൾ, പലർക്കും ഒടുവിൽ അവരുടെ പ്രാർത്ഥന സമയം നീട്ടാൻ പ്രേരണ തോന്നുന്നു. ഇത് അവരുടെ ആത്മീയ വളർച്ചയുടെ അത്ഭുതകരമായ അടയാളമാണ്! ഈ സന്ദർഭത്തിലും നിങ്ങളുടെ പ്രാർത്ഥന സമയം വ്യത്യസ്ത ഭാഗങ്ങളായി വിഭജിക്കുന്നത് സഹായകരമാണെന്ന് ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് നമ്മെ അമിതഭാരത്തിലോ നിരാശയിലോ നിന്ന് സംരക്ഷിക്കുന്നു.
പ്രാർത്ഥന ഉദ്ദേശ്യപൂർണ്ണമാണ്. സ്നേഹം പോലെ തന്നെ, അത് യഥാർത്ഥമാകണമെങ്കിൽ അത് സജീവമായിരിക്കണം.
നിങ്ങൾ ഒന്ന് ശ്രമിച്ചുനോക്കിയാൽ, നിങ്ങൾക്ക് മനസിലാകും, ഒരു മണിക്കൂർ പ്രാർത്ഥിക്കുന്നത് സാധ്യമാണെന്ന് മാത്രമല്ല, അത് ആസ്വാദ്യകരവുമാണെന്ന വസ്തുത. അത് നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം! കാരണം നമുക്ക് പ്രാർത്ഥന ആവശ്യമാണ്. മറ്റെന്തിനേക്കാളും ദൈവവുമായുള്ള അടുത്ത ബന്ധത്തിനായി നാം ആഗ്രഹിക്കുന്നു. ഈ അടുപ്പം നമ്മെ രൂപാന്തരപ്പെടുത്തുന്നു.
ദൈവം നമ്മെ പ്രാർത്ഥനയിലേക്ക് വിളിക്കുന്നു. നാം അവനോട് സംസാരിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. ദൈവവുമായി സംസാരിക്കുന്നത് നമ്മുടെ ആത്മാക്കളെ മറ്റൊന്നിനും കഴിയാത്ത വിധത്തിൽ തൃപ്തിപ്പെടുത്തുന്നു. നാം പ്രാർത്ഥനയെ അവഗണിക്കുമ്പോൾ, നാം നമ്മെത്തന്നെയും നാം സ്നേഹിക്കുന്ന ആളുകളെയും അവഗണിക്കുന്നു. ദൈവത്തോടൊപ്പം സമയം ചെലവഴിക്കാം, അവൻ നമ്മെ ദിവസവും ശക്തിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യട്ടെ!
അവന്റെ സാന്നിധ്യത്താൽ നമ്മെ തൃപ്തിപ്പെടുത്താനും ആനന്ദിപ്പിക്കാനും അവൻ ഇഷ്ടപ്പെടുന്നു. അവൻ നിങ്ങളോട് അടുത്തിരിക്കാൻ ആഗ്രഹിക്കുന്നു, അങ്ങനെ നിങ്ങൾക്ക് അവനെക്കുറിച്ച് കൂടുതൽ അറിയുവാനും അവനോടൊപ്പം ആയിരിക്കുന്നത് ആസ്വദിക്കാനും കഴിയും!
എല്ലാ ദിവസവും ദൈവത്തിനായി സമയം നീക്കിവയ്ക്കുന്നുവെന്ന് ഉറപ്പാക്കുക, അല്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിലെ തിരക്ക് അവനെ മാറ്റിവയ്ക്കും. നിങ്ങൾ പ്രാർത്ഥിക്കാൻ മറന്നാൽ, നിങ്ങൾ നിരുത്സാഹപ്പെടുകയും, ഏകാന്തത അനുഭവിക്കുകയും, തിന്മയിലേക്ക് വീഴുകയും ചെയ്യും. എന്നാൽ നിങ്ങൾ ഉത്സാഹത്തോടെ പ്രാർത്ഥിക്കുന്നതിൽ വിശ്വസ്തരാണെങ്കിൽ, നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിനേക്കാൾ ഉപരിയായി ദൈവം നിങ്ങൾക്ക് പ്രതിഫലം നൽകും.
ദൈവം നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുമെന്ന് നിങ്ങൾക്കറിയാമോ?
കൂടുതൽ ആഴത്തിലുള്ള പഠനത്തിനായി
താഴെ പറയുന്ന വിധങ്ങളിൽ അഞ്ച് മിനിറ്റ് വീതം പ്രാർത്ഥിക്കുക: സ്തുതി; കുമ്പസാരം; ഒരു സങ്കീർത്തനം വായിക്കുക; നന്ദി പറയുക; ആരാധന; അവൻ നിങ്ങളോട് സംസാരിക്കുന്നതുവരെ കാത്തിരിക്കുക; നിങ്ങളുടെ ആവശ്യങ്ങൾ ദൈവവുമായി പങ്കുവെക്കുക; മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുക; സങ്കീർത്തനം 23 അല്ലെങ്കിൽ പ്രാർത്ഥിക്കാൻ അനുയോജ്യമായ മറ്റൊരു സങ്കീർത്തനത്തിലൂടെ പ്രാർത്ഥിക്കുക; ദൈവം ആരാണെന്ന് ധ്യാനിക്കുക; അവനെപ്പോലെയാകാൻ നിങ്ങളെ ശക്തിപ്പെടുത്താൻ അവനോട് ആവശ്യപ്പെടുക; തുടർന്ന് കൂടുതൽ സ്തുതിയോടെ അവസാനിപ്പിക്കുക.