Languages

പാഠം 10

ദൈവത്താൽ രക്ഷിക്കപ്പെട്ട ഏതൊരാളും അവന്റെ സഭയാണ്. നമ്മളാണ് സഭ.

“ഞങ്ങൾക്ക് സഭ ആവശ്യമില്ല” എന്ന് പറയുന്നത്, “ഞങ്ങൾക്ക് മറ്റ് ക്രിസ്ത്യാനികളെ ആവശ്യമില്ല, അല്ലെങ്കിൽ നമ്മൾ സ്വയം ക്രിസ്ത്യാനികളാകേണ്ടതില്ല” എന്ന് പറയുന്നത് പോലെയാണ്.

നമ്മൾ ദൈവത്തിന്റെ കുടുംബമാണ്. ഈ കുടുംബത്തിന്റെ ഭാഗമാകുന്നത് ക്രിസ്തീയ ജീവിതം നയിക്കാൻ നമ്മെ സഹായിക്കുന്നു. നമുക്ക് പരസ്പരം ആവശ്യമാണ്, കാരണം ഒരു കുടുംബത്തിന് അതിലെ അംഗങ്ങൾ ഇല്ലാതെ നിലനിൽക്കാൻ കഴിയില്ല. സ്നേഹത്തിൽ നമ്മൾ പരസ്പരം പിന്തുണയ്ക്കുന്നില്ലെങ്കിൽ, നമ്മൾ വേർപിരിയേണ്ടിവരും. ദൈവം നമ്മെ സൃഷ്ടിച്ചത് അവനോടൊപ്പം ഒരു ശരീരമായി ജീവിക്കാനാണ്. സമൂഹത്തെ അവഗണിക്കുകയാണെങ്കിൽ, ദൈവം നമുക്കുവേണ്ടി ഉദ്ദേശിച്ച ജീവിതം നമുക്ക് നഷ്ടമാകും.

നമ്മൾ ഒറ്റയ്ക്കാണെങ്കിൽ തീയിൽ നിന്ന് നീക്കം ചെയ്ത കൽക്കരി പോലെ, നമ്മിലെ ജ്വാല കെട്ടുപോകും. എന്നാൽ വിശ്വാസത്താൽ ജ്വലിക്കുന്ന ഹൃദയങ്ങളുള്ള മറ്റ് ക്രിസ്ത്യാനികളുമായി നാം അടുത്തുനിൽക്കുമ്പോൾ, നമ്മിലെ തീ കൂടുതൽ തിളക്കമുള്ളതായിത്തീരും.

മറ്റ് വിശ്വാസികളുമായുള്ള ഒത്തുചേരലിനെ അവഗണിക്കരുതെന്ന് തിരുവെഴുത്ത് നമ്മെ ഉപദേശിക്കുന്നു. ദൈവവചനം വായിക്കാനും, പ്രാർത്ഥിക്കാനും, ക്രിസ്തീയ ജീവിതം നയിക്കാൻ പരസ്പരം പ്രോത്സാഹിപ്പിക്കാനും നാം ഒത്തുകൂടുമ്പോൾ, അത് നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നു. നമ്മൾ ഒത്തുകൂടുന്നത് നിർത്തിയാൽ, നമ്മൾ ദൈവത്തിൽ നിന്ന് അകന്നുപോകാനുള്ള സാധ്യതയുണ്ട്. ഒരു ക്രിസ്തീയ കൂട്ടായ്മയുടെ ഭാഗമാകുന്നത് നമ്മെ വളരാൻ സഹായിക്കുകയും നമ്മുടെ സ്വാർത്ഥ പ്രവണതകളിൽ നിന്ന് നമ്മെ അകറ്റുകയും ചെയ്യുന്നു.

മറ്റ് ക്രിസ്ത്യാനികളുമായി നമ്മൾ ഒത്തുചേരലുകൾ നടത്തുന്നത്, അങ്ങനെ ചെയ്യണം എന്നൊരു നിയമം ഉള്ളതുകൊണ്ടൊന്നുമല്ല. ഒരുമിച്ചിരിക്കുന്നത് ഒരു അനുഗ്രഹമായതുകൊണ്ടാണ് നമ്മൾ ഒത്തുകൂടുന്നത്. നമ്മുടെ ക്രിസ്തീയ സുഹൃത്തുക്കളുടെ വീടുകളിൽ വെച്ചായിരിക്കണം നമ്മൾ ഒത്തുകൂടേണ്ടത് എന്ന്
അതിനർത്ഥമില്ല, അത് വളരെ അത് മനോഹരമായ ഒരു അനുഭവമാണെങ്കിൽപോലും. എങ്കിലും നമുക്ക് അത് പോര.

കൃത്യമായി പറഞ്ഞാൽ, നമുക്ക് എന്താണ് വേണ്ടത്?

നമുക്ക് സ്നേഹമുള്ള, പിന്തുണ നൽകുന്ന സുഹൃത്തുക്കൾ, വ്യക്തിപരമായ ഉത്തരവാദിത്തം, ബൈബിൾ സത്യത്തിൽ വേരൂന്നിയ നല്ല പഠിപ്പിക്കൽ, തിരുവെഴുത്തിന്റെ ആധികാരികത, മറ്റുള്ളവരെ ക്രിസ്തുവിലേക്ക് നയിക്കാനുള്ള അവസരങ്ങൾ എന്നിവ ആവശ്യമാണ്.

ജീവിതത്തിലൂടെ വിശ്വസ്തത തെളിയിച്ചവരും ദൈവത്തെയും അവന്റെ വചനത്തെയും കുറിച്ചുള്ള ഗ്രാഹ്യത്തിൽ വളർന്നവരുമായ പാസ്റ്റർമാരുടെയും മൂപ്പന്മാരുടെയും ആത്മീയ അധികാരത്തിൻ കീഴിൽ നാം ജീവിക്കേണ്ടതുണ്ട്. തങ്ങൾ പ്രസംഗിക്കുന്ന കാര്യങ്ങൾക്കനുസരിച്ച് ജീവിക്കുന്ന, യോഗ്യതയുള്ള അധ്യാപകരുടെ മാർഗ്ഗനിർദ്ദേശം നാം പിന്തുടരുന്നില്ലെങ്കിൽ, ദൈവത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം അവൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലാത്ത രീതിയിൽ വികലമായേക്കാം.

തങ്ങൾ എങ്ങനെ ജീവിക്കുന്നു എന്നതിന് ഉത്തരവാദിത്തം ഏൽക്കേണ്ടിവരുന്നത് മിക്ക ആളുകൾക്കും ഇഷ്ടമല്ല. മറ്റുള്ളവർ നമ്മുടെ ജീവിതം പരിശോധിച്ച് നമ്മൾ തെറ്റുകൾ ചെയ്യുന്നുണ്ടെന്നും മാറേണ്ടതുണ്ടെന്നും പറയുന്നത് അസ്വസ്ഥത ഉളവാക്കുന്ന ഒന്നാണ്. എന്നാൽ നമ്മളുടെ പ്രവർത്തികളുടെ ശരിയും തെറ്റും ചൂണ്ടിക്കാണിക്കുവാൻ ആരും ഇല്ലെങ്കിൽ, നമ്മുടെ തെറ്റുകൾ കുന്നുകൂടുകയും ഒടുവിൽ മറ്റുള്ളവർക്ക് ദോഷം വരുത്തുകയും ചെയ്യും.

ബൈബിൾ അനുസരിച്ച് ജീവിക്കുന്ന, യോഗ്യതയുള്ള അധ്യാപകരുള്ള ഒരു സഭയുടെ ഭാഗമാകുന്നതിലൂടെ, നാം സ്വയം ഉത്തരവാദിത്തമുള്ളവരായി മാറുന്നു.

യോഗ്യതയുള്ള അധ്യാപകരുടെ അധികാരം, മറ്റുള്ളവരെ ദുരുപയോഗം ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകളിൽ നിന്നും നമ്മെ സംരക്ഷിക്കുന്നു. നമ്മളോട് ആരെങ്കിലും മോശമായി പെരുമാറിയാൽ സഹായത്തിനായി നമുക്ക് സമീപിക്കാവുന്ന ആളുകളെ സഭ നൽകുന്നു. പലപ്പോഴും നമ്മെ പിന്തുണയ്ക്കാൻ ആരെങ്കിലും ആവശ്യമാണ്.

അവസാനമായി, മറ്റുള്ളവരെ ക്രിസ്തുവിലേക്ക് അടുപ്പിക്കാൻ സഹായിക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗമാകാനുള്ള ഒരു വഴി ഇത് നമുക്ക് നൽകുന്നു. ദൈവം നമ്മുടെ ജീവിതത്തെ മാറ്റിക്കഴിഞ്ഞാൽ, നാം അവനെക്കുറിച്ച് മറ്റുള്ളവരെയും പഠിപ്പിക്കണമെന്ന് അവൻ നമ്മോട് കൽപ്പിച്ചിട്ടുണ്ട് എന്ന് നാം ഓർമ്മിക്കണം.

ഘടനാരഹിതമായ ഒരു സാഹചര്യത്തിൽ സുവിശേഷം പ്രസംഗിക്കുന്നത് എളുപ്പമാണ്, പക്ഷേ ആളുകൾക്ക് ശിക്ഷണം നൽകുന്നതിന് ദീർഘകാല പ്രതിബദ്ധത ആവശ്യമാണ്. മറ്റുള്ളവരെ അവരുടെ വിശ്വാസത്തിൽ നയിക്കാൻ നാം ശ്രമിക്കുമ്പോൾ തന്നെ, ആളുകളെ തെറ്റായി നയിക്കുന്നതിൽ നിന്നും, അല്ലെങ്കിൽ നമ്മൾ സഹായിക്കാൻ ശ്രമിക്കുന്ന ആളുകളെ വേദനിപ്പിക്കുന്നതിൽ നിന്നും നമ്മെ തടയാൻ കഴിയുന്ന പാസ്റ്റർമാരുടെയും മൂപ്പന്മാരുടെയും ആത്മീയ അധികാരത്തിന് നാം കീഴടങ്ങിയവർ ആയിരിക്കണം.

ഒരു വിശ്വാസ സമൂഹത്തെ നിങ്ങൾക്ക് എങ്ങനെ കണ്ടെത്താനാകും? ആദ്യം, ദൈവത്തോട് സഹായവും, മാർഗനിർദേശവും ചോദിക്കുക. പിന്നെ, ചുറ്റുമുള്ള ആളുകളോട് തിരക്കുക. ശുദ്ധവും സ്നേഹപൂർണ്ണവുമായ ജീവിതം നയിക്കുന്ന ആളുകളെ ശ്രദ്ധിക്കുക, അവർ എവിടെയാണ് പള്ളിയിൽ പോകുന്നത് എന്ന് കണ്ടെത്തുക. വ്യത്യസ്ത പള്ളികൾ സന്ദർശിക്കുക. നിങ്ങളെ തുറന്ന ഹൃദയത്തോടെ സ്വാഗതം ചെയ്യുന്ന, ആത്മാർത്ഥതയുള്ള, സ്നേഹമുള്ള ആളുകൾ ഉള്ള ഒരു പള്ളി അന്വേഷിക്കുക. ബൈബിളിന്റെ പഠിപ്പിക്കലുകളിൽ ഉറച്ചുനിൽക്കുകയും അവ അനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന പാസ്റ്റർമാരെയും മൂപ്പന്മാരെയും അന്വേഷിക്കുക. എന്നാൽ, പാസ്റ്റർമാരും മൂപ്പന്മാരും അവർ പഠിപ്പിക്കുകയും, പ്രസംഗിക്കുകയും ചെയ്യുന്ന കാര്യങ്ങൾക്കനുസരിച്ച് ജീവിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക. അവർ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, അവരുടെ വിശ്വാസങ്ങൾ ആധികാരികമായിരിക്കില്ല.

നിങ്ങൾ ഒരു പള്ളി തിരഞ്ഞെടുക്കുമ്പോൾ, സ്വയം ചോദിക്കുക: ആ സഭയിലെ ആളുകൾ പരസ്പരം സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നുണ്ടോ? അവർ ബൈബിളിനെ വിലമതിക്കുകയും, സ്പഷ്ടവും യഥാർത്ഥവുമായ രീതിയിൽ അവരുടെ വിശ്വാസം ജീവിക്കുന്നതിൽ പരസ്പരം പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടോ? ആരും പൂർണരല്ല! പക്ഷേ തങ്ങളുടെ ജീവിതം, തങ്ങൾ വിശ്വസിക്കുന്നതിനോട് പൊരുത്തപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കാത്തവരും, തങ്ങളുടെ തെറ്റുകളിൽ ആത്മാർത്ഥമായി ഖേദിക്കുകയും മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നവരും തമ്മിലുള്ള വ്യത്യാസം നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും.

ഈ ചോദ്യം സ്വയം ചോദിക്കുക: ആ സ്ഥലത്ത് ദൈവത്തെ യഥാർത്ഥത്തിൽ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടോ?

ആരും പൂർണരല്ലാത്തതുപോലെ ഒരു സഭാ സമൂഹവും പൂർണരല്ല. ഒരു നല്ല സഭ കണ്ടെത്തുക, പതിവായി പങ്കെടുക്കുക, പരാതിപ്പെടുന്നത് ഒഴിവാക്കുക. നിങ്ങൾ നിങ്ങളിൽ വരുത്താൻ ആഗ്രഹിക്കുന്ന മാറ്റം വരുത്തുക. ക്രിസ്തുവിൽ നിങ്ങളുടെ കുടുംബത്തെ പ്രോത്സാഹിപ്പിക്കാനുള്ള അവസരങ്ങൾക്കായി നോക്കുക. മറ്റുള്ളവരെ ആത്മാർത്ഥമായി സ്നേഹിക്കുക! മറ്റുള്ളവർ നിങ്ങളെ "നല്ലവനായി" കാണാൻ ആഗ്രഹിക്കുന്നതുകൊണ്ടല്ല, മറിച്ച് ശുദ്ധമായ ഹൃദയത്തോടെ നിങ്ങളുടെ സ്നേഹത്താൽ സേവിക്കുക.

ഓർക്കുക, നാമെല്ലാവരും മനുഷ്യരാണ്, നമുക്ക് പരസ്പരം ആവശ്യമാണ്. നിങ്ങളെ ശല്യപ്പെടുത്തുന്ന ഒരു വ്യക്തി, ഒരുപക്ഷേ നിങ്ങളെ വളരാൻ സഹായിക്കുന്നതിനായി ദൈവം അയാളെ നിങ്ങളുടെ ജീവിതത്തിൽ നിയോഗിച്ചതായിരിക്കാം, അല്ലായെങ്കിൽ ക്രിസ്തുവിൽ വളരാൻ അയാളെ സഹായിക്കുന്നതിനായി നിങ്ങളെ അയാളുടെ ജീവിതത്തിൽ ഉൾപ്പെടുത്തിയതായിരിക്കാം. സമാധാനപരമായി ജീവിക്കുക, ഒരുമിച്ച് ദൈവത്തെ ബഹുമാനിക്കുക. ഇതാണ് സഭയുടെ സത്ത.

കൂടുതൽ ആഴത്തിലുള്ള പഠനത്തിനായി

ഈ വരുന്ന ഞായറാഴ്ച ഒരു പള്ളി കണ്ടെത്തി അവിടെ പോകുക. ശുശ്രൂഷയ്ക്ക് ശേഷം, നിങ്ങൾക്ക് എന്താണ് തോന്നിയതെന്ന് ചിന്തിക്കാൻ കുറച്ച് സമയമെടുക്കുക. അതിനുശേഷം, അത് നിങ്ങളെ വൈകാരികമായും ആത്മീയമായും ശാരീരികമായും എങ്ങനെ സ്വാധീനിച്ചുവെന്ന് എഴുതുക.

മുമ്പത്തേത് പട്ടിക പട്ടിക അടുത്തത്