പാഠം 8
ദൈവം ആരാണ്, നമ്മൾ ആരാണെന്ന്, നമ്മൾ എവിടെ നിന്നാണ് വരുന്നത്, നമ്മൾ എന്തുകൊണ്ട് നിലനിൽക്കുന്നു എന്നിവ ദൈവം നമ്മോട് വിശദീകരിക്കുന്നത് ബൈബിൾ മുഖാന്തിരമാണ്, അതിനാലാണ് ബൈബിളിനെ ദൈവവചനം എന്ന് വിളിക്കുന്നത്. ഇതൊരു സങ്കീർണ്ണമായ പുസ്തകമാണ്. ബൈബിളിന്റെ സങ്കീർണ്ണത കണക്കിലെടുക്കുമ്പോൾ, ക്രമരഹിതമായി ഇത് വായിക്കുന്നത് നമ്മെ ആശയക്കുഴപ്പത്തിലാക്കിയേക്കാം. കാരണം, വ്യത്യസ്ത എഴുത്തുകാർ ഏകദേശം 2,000 വർഷത്തിനിടെ എഴുതിയ 66 വ്യത്യസ്ത പുസ്തകങ്ങൾ അടങ്ങുന്ന ശേഖരമാണ് ബൈബിൾ എന്നറിയപ്പെടുന്നത്.
ബൈബിൾ പുസ്തകങ്ങൾ ദൈവത്താൽ പ്രചോദിതമായി എഴുതപ്പെട്ടവയാണ്. ഈ പുസ്തകങ്ങളിൾ ഉള്ളതെല്ലാം സത്യമാണെന്നും അവനിൽ നിന്നാണ് വരുന്നതെന്നും ദൈവം സ്ഥിരീകരിച്ചു. ഈ പുസ്തകങ്ങളിൽ പലതും പ്രത്യേക കൂട്ടം ആളുകൾക്കുവേണ്ടിയാണ് എഴുതിയത്. കാലക്രമേണ, ആദിമ സഭ ഈ പുസ്തകങ്ങൾ ഒരുമിച്ച് ചേർത്ത് ഇപ്പോൾ നമുക്ക് ബൈബിൾ എന്നറിയപ്പെടുന്നതിലേക്ക് ക്രമീകരിച്ചു. ആദി മുതൽ ദൈവം മനുഷ്യരാശിയുമായി എങ്ങനെ ഇടപെട്ടു എന്നതിന്റെ ചരിത്രപരമായ ഒരു വിവരണം ഈ പുസ്തകങ്ങൾ നമുക്ക് നൽകുന്നു.
ബൈബിളിലെ പുസ്തകങ്ങൾ വ്യത്യസ്ത രചനാ രീതികളിലാണ് എഴുതപ്പെട്ടിട്ടുള്ളത്. ഉദാഹരണത്തിന്, സങ്കീർത്തന പുസ്തകത്തിൽ രൂപകങ്ങളാൽ സമ്പന്നമായ ഗാനങ്ങളും പ്രാർത്ഥനകളും അടങ്ങിയിരിക്കുന്നു, അവ എല്ലായ്പ്പോഴും അക്ഷരാർത്ഥത്തിൽ എടുക്കാൻ ഉദ്ദേശിച്ചുള്ളതല്ല. ഇതിനു വിപരീതമായി, യോഹന്നാന്റെ സുവിശേഷം യേശുവിന്റെ ജീവിതം വിവരിക്കുന്ന ഒരു ചരിത്ര വിവരണമാണ്.
ഗലാത്യർ, എഫെസ്യർ എന്നിവർക്കുള്ളവ ഉൾപ്പെടെയുള്ള ലേഖനങ്ങൾ, പ്രത്യേക സമൂഹങ്ങളെ അഭിസംബോധന ചെയ്ത് ആദ്യകാല സഭാ നേതാക്കൾ എഴുതിയ കത്തുകളാണ്.
യെശയ്യാവ്, വെളിപാട് പുസ്തകം എന്നിവ പോലുള്ള പ്രവചന പുസ്തകങ്ങളും ബൈബിളിലുണ്ട്. ദീർഘവും സങ്കീർണ്ണവുമായ സന്ദേശങ്ങൾ അടങ്ങിയിരിക്കുന്ന വെളിപാട് പുസ്തകം ആദ്യകാല ക്രിസ്ത്യൻ സഭയ്ക്കായി എഴുതിയതാണ്.
ഇത്തരം ഉദാഹരങ്ങൾ ഇനിയും ഏറെയുണ്ട്, പക്ഷേ നിങ്ങൾക്ക് കാര്യം മനസ്സിലായി എന്ന് കരുതുന്നു.
ബൈബിളിനെ രണ്ട് നിയമങ്ങളായി വിഭജിച്ചിരിക്കുന്നു. പഴയനിയമത്തിൽ യേശുവിന്റെ ജനനത്തിനു മുമ്പ് എഴുതിയ പുസ്തകങ്ങൾ അടങ്ങിയിരിക്കുന്നു, പുതിയനിയമത്തിൽ യേശുവിന്റെ ജനനത്തിനു ശേഷം എഴുതിയ പുസ്തകങ്ങൾ അടങ്ങിയിരിക്കുന്നു.
പഞ്ചഗ്രന്ഥങ്ങൾ എന്നറിയപ്പെടുന്ന ബൈബിളിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങൾ ഇസ്രായേല്യരാൽ എഴുതപ്പെട്ടതും അവർക്കുവേണ്ടി എഴുതിയതുമാണ്. ലോകത്തിന്റെ ആരംഭം, ദൈവം അവർക്കു നൽകിയ വാഗ്ദാനങ്ങൾ, ഒരു ജനതയായി അവരെ എങ്ങനെ രൂപപ്പെടുത്തി എന്നിവ വിശദീകരിക്കുന്നതിനായി എഴുതപ്പെട്ട പുസ്തകങ്ങളാണ് അവ.
ബൈബിളിലുടനീളം, ദൈവവും അവന്റെ ജനവും തമ്മിലുള്ള വ്യത്യസ്ത കരാറുകൾ നമുക്ക് കാണുവാൻ സാധിക്കും. ഇവയെ ഉടമ്പടികൾ എന്ന് വിളിക്കുന്നു. ഇന്ന് നാം യേശുവിൻ്റെ ഉടമ്പടിയുടെ കീഴിലാണ്. ഇതിനർത്ഥം, യഹൂദ ജനതയ്ക്ക് ദൈവം മുമ്പ് നൽകിയ വാഗ്ദാനങ്ങളുടെ ഭാഗമായിരുന്ന ലേവ്യപുസ്തകം അല്ലെങ്കിൽ ആവർത്തനപുസ്തകം പോലുള്ള പുസ്തകങ്ങളിൽ കാണപ്പെടുന്ന ആചാര നിയമങ്ങൾ നാം ഇനി പാലിക്കേണ്ടതില്ല എന്നാണ്. ആ നിയമങ്ങൾ യേശുവിനെ ചൂണ്ടിക്കാണിക്കുന്ന പ്രതീകങ്ങളായിരുന്നു, അവന്റെ ജീവിതവും മരണവും അവ പൂർത്തീകരിച്ചു.
ഇതെല്ലം കേട്ടിട്ട് നിങ്ങൾക്ക് ആശയക്കുഴപ്പം തോന്നുന്നുവെങ്കിൽ, ഒരു ദീർഘശ്വാസം എടുത്ത് വിശ്രമിക്കുക. ഒട്ടും വിഷമിക്കേണ്ട, നിങ്ങൾ ഇതെല്ലാം ഉടനടി വള്ളിപുള്ളി വിടാതെ മനസ്സിലാക്കേണ്ട കാര്യമൊന്നുമില്ല!
ബൈബിൾ വായന എന്നത് നിങ്ങൾ ഒരു കടമയായി കരുതി ചെയ്യേണ്ട ഒന്നല്ല. ബൈബിൾ വായിക്കുവാൻ സാധിക്കുക എന്നത് ഒരു പദവിയാണ്, ബഹുമതിയാണ്. അത് സന്തോഷം കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ളതാണ് - നിങ്ങളുടെ ജീവിതത്തിലുടനീളം വായിക്കാനും പഠിക്കാനും ജീവിക്കാനും ഉള്ള ഒന്ന്. അതിന്റെ ജ്ഞാനം നിങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും രൂപാന്തരപ്പെടുത്താൻ ശക്തിയുള്ള ഒരു നിധിയാണ്.
ബൈബിളിന്റെ ചില ഭാഗങ്ങൾ മറ്റുള്ളവയെക്കാൾ മനസ്സിലാക്കാൻ എളുപ്പമാണ്. ഉല്പത്തി പുസ്തകത്തിൽ നിന്നും (ബൈബിളിലെ ആദ്യ പുസ്തകം) നാല് സുവിശേഷങ്ങളിൽ ഒന്നിൽ നിന്നും (മത്തായി, മർക്കോസ്, ലൂക്കോസ്, അല്ലെങ്കിൽ യോഹന്നാൻ) ആരംഭിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.
അവിടെ നിന്ന്, പുറപ്പാട്, അപ്പോ: പ്രവൃത്തികളുടെ പുസ്തകം, പുതിയ നിയമത്തിലെ ലേഖനങ്ങൾ എന്നിവയിലേക്ക് നീങ്ങുന്നതായിരിക്കും കൂടുതൽ ഉചിതം.
റോമർക്ക് എഴുതിയ ലേഖനവും എബ്രായർക്ക് എഴുതിയ ലേഖനവും വായിക്കാൻ പ്രയാസമുള്ള രണ്ട് പുസ്തകങ്ങളാണ്, എന്നിരുന്നാലും അവ യേശുവിന്റെ പുതിയ ഉടമ്പടിയും പഴയനിയമത്തിലെ പഴയ ഉടമ്പടികളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ സഹായിക്കുന്നു.
ബൈബിളിൽ നിരവധി ആകർഷകങ്ങളായ കഥകളുണ്ട്. ജൂത ജനതയ്ക്ക് വേണ്ടിയുള്ള വിശദമായ വംശാവലിയും സങ്കീർണ്ണമായ നിയമങ്ങളും അടങ്ങിയ ഭാഗങ്ങളും ഇതിലുണ്ട്. എന്നിരുന്നാലും, ബൈബിളിന്റെ ഓരോ ഭാഗത്തിനും ഒരു നല്ല ഉദ്ദേശ്യമുണ്ടെന്നും അത് പഠിക്കാൻ യോഗ്യമാണെന്നും നിങ്ങൾക്ക് ഉറപ്പിക്കാം, കാരണം നമ്മൾ ആരാണെന്നും അവൻ ആരാണെന്നും എങ്ങനെ ജീവിക്കണമെന്നും മനസ്സിലാക്കാൻ ബൈബിൾ നമ്മെ സഹായിക്കുന്നു. അത് നമ്മെ തിന്മയിൽ നിന്ന് സംരക്ഷിക്കുന്നു. അതുകൊണ്ടാണ് ബൈബിൾ വായിക്കുന്നതിൽ നിന്ന് നിങ്ങളെ നിരന്തരം തടയുന്ന എന്തിനെക്കുറിച്ചും നിങ്ങൾ ജാഗ്രത പാലിക്കേണ്ടത് - നിങ്ങളുടെ ഫോൺ, വീഡിയോ ഗെയിമുകൾ മുതലായവ.
നിങ്ങൾക്ക് ഒരു ബൈബിൾ ഇല്ലെങ്കിൽ, നിങ്ങൾ ഒന്ന് സ്വന്തമാക്കണം.
ഒരു വർഷത്തിനുള്ളിൽ മുഴുവൻ ബൈബിളിലൂടെയും നിങ്ങളെ നയിക്കുന്ന ധാരാളം വായനാ പ്ലാനുകൾ ഉണ്ട്, അത് നിങ്ങൾക്ക് വളരെ സഹായകരമാകും, കാരണം അവ എല്ലാ ദിവസവും ചെറിയ ഭാഗങ്ങൾ വായിക്കാൻ നിങ്ങളെ പ്രേരിപ്പിക്കു൦.
നിങ്ങൾ കൂടുതൽ വായിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അങ്ങനെ ചെയ്യാൻ മടിക്കേണ്ട. എന്നാൽ ഓർമ്മിക്കുക, ധാരാളം വായിക്കുക മാത്രമല്ല, ദൈവവചനം ആസ്വദിക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്നത് പ്രധാനമാണ്. ബൈബിൾ നിരന്തരമായ പ്രോത്സാഹനത്തിന്റെയും ജ്ഞാനത്തിന്റെയും ഉറവിടമാണ്, കൂടാതെ നിങ്ങളുടെ ക്രിസ്തീയ ജീവിതം നിങ്ങൾ എത്ര നന്നായി ജീവിക്കുന്നു എന്നത് നിങ്ങൾ എത്ര തവണ ബൈബിൾ വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു!
ദൈവത്തോട് പ്രാർത്ഥിക്കുകയും അവന്റെ വചനം മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കാൻ അവനോട് അപേക്ഷിക്കുകയും ചെയ്യുക. നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ അവന്റെ കൽപ്പനകൾ പ്രയോഗിക്കുന്നതിൽ നിങ്ങളെ നയിക്കാൻ അവനോട് അപേക്ഷിക്കുക. ബൈബിൾ വായിക്കുന്നതും കേൾക്കുന്നതും ഒരു ശീലമാക്കുക, അത് നിങ്ങളുടെ ഹൃദയത്തിൽ നിന്ന് വഴുതിപ്പോകാൻ അനുവദിക്കരുത്. നിങ്ങൾ സ്വയം ധാരാളം വായിക്കുന്ന ഒരാളായി കരുതുന്നില്ലെങ്കിലും, ബൈബിൾ നിങ്ങളുടെ ഏറ്റവും വലിയ സ്വത്തായി മാറും, കാരണം അത് നിങ്ങൾക്കുള്ള ദൈവത്തിന്റെ സന്ദേശമാണ്.
കൂടുതൽ ആഴത്തിലുള്ള പഠനത്തിനായി
ഒരു ബൈബിൾ സ്വന്തമാക്കുക, "ഒരു വർഷത്തിനുള്ളിൽ ബൈബിൾ വായിക്കുക" എന്ന പ്ലാൻ കണ്ടെത്തുക, ആ വായനാ പദ്ധതി പിന്തുടരാൻ തുടങ്ങുക.